ചെന്നൈ: തന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിന്നും അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
അച്ഛനും അമ്മയും കൂടാതെ ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍ അടക്കം 11 പേര്‍ക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബര്‍ 27 ലേക്ക് മാറ്റി.
വിജയുടെ പേരില്‍ പുതിയ പാര്‍ട്ടി ആരംഭിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധു പത്മനാഭന്‍ പ്രഖ്യാപിച്ചിരുന്നു. ‘ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ മുന്നേറ്റ്രം’ എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. വിജയുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറും, അമ്മ ശോഭയുമാണ് പാര്‍ട്ടിയുടെ ട്രഷറര്‍മാര്‍. തുടര്‍ന്ന് വിജയ് രംഗത്ത് വന്നിരുന്നു. തന്റെ പേരോ ചിത്രമോ ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു നടന്റെ നിലപാട്.
അതേസമയം തമിഴ്നാട്ടില്‍ അടുത്ത മാസം നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന് വിജയ് അനുമതി നല്‍കി. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് ഒക്ടോബര്‍ ആറ്, ഒമ്പത് തീയതികളില്‍ നടക്കുന്നത്. അംഗങ്ങള്‍ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് പ്രചരണ രംഗത്തുണ്ടാകില്ലെന്നാണ് വിവരം. തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചരണത്തിന് ഉപയോഗിക്കാന്‍ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങള്‍ സ്വന്തം നിലയില്‍ എന്ന വിധം മത്സരിക്കണമെന്നാണ് നിര്‍ദേശം.
Discussion about this post