അഹമ്മദാബാദ്: മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ട മാർഗമായി ഗുജറാത്ത് തീരം. ഗുജറാത്ത് തീരത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഇറാനിയൻ ബോട്ടിൽ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കണ്ടെടുത്ത 30 കിലോ ഹെറോയിന് അന്താരാഷ്ട്ര വിപണിയിൽ 150 കോടി രൂപയിലധികം വിലവരും. ബോട്ടിലുണ്ടായിരുന്ന എല്ലാ ജീവനക്കാരും ഇറാനിയൻ പൗരൻമാരാണ്.
ശനിയാഴ്ച രാത്രി വൈകി നടത്തിയ ഓപ്പറേഷനിലാണ് ഇറാനിയൻ ബോട്ടിൽ നിന്നും ഹെറോയിൻ പിടിച്ചെടുത്തത്. ബോട്ടിൽ അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 150 മുതൽ 250 കോടി രൂപ വിലമതിക്കുന്ന 30 മുതൽ 50 കിലോഗ്രാം വരെ ലഹരിമരുന്ന് ഉണ്ടായിരുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോട്ടിലുണ്ടായിരുന്ന ഇറാനിയൻ പൗരൻമാരെ കൂടുതൽ അന്വേഷണത്തിനായി ഗുജറാത്ത് തുറമുഖത്തേക്ക് കൊണ്ടുവന്നതായും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഗുജറാത്ത് തീരം പാക്കിസ്ഥാനിൽ നിന്നോ ഇറാനിൽ നിന്നോ മയക്കുമരുന്ന് കടത്തുന്നവരുടെ ഇഷ്ട മാർഗമായി മാറി. ഈ വർഷം ഏപ്രിലിൽ ഗുജറാത്ത് തീരത്ത് അറബിക്കടലിൽ 150 കോടിയോളം വിലമതിക്കുന്ന ഹെറോയിൻ ഒരു ബോട്ടിൽ നിന്നും പിടിച്ചെടുത്തിരുന്നു. അന്ന് എട്ട് പാകിസ്ഥാൻ പൗരന്മാരാണ് പിടിയിലായത്.
കഴിഞ്ഞ വർഷം ജനുവരിയിൽ 175 കോടി രൂപയുടെ മയക്കുമരുന്ന് സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന അഞ്ച് പാകിസ്ഥാൻ പൗരന്മാർ ഗുജറാത്ത് തീരത്ത് നിന്നും പിടിക്കപ്പെട്ടിരുന്നു. കച്ച് ജില്ലയിലെ ജഖൗ തീരത്തിനടുത്തു നിന്ന് ഒരു കിലോ തൂക്കം വരുന്ന 35 പായ്ക്കറ്റ് ഹെറോയിൻ പിടിച്ചെടുക്കുകയായിരുന്നു. അതുപോലെ 2017 ജൂലായിൽ, ഗുജറാത്ത് തീരത്തുനിന്നുള്ള ഒരു വ്യാപാരക്കപ്പലിൽ നിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഏകദേശം 3500 കോടി രൂപ വിലമതിക്കുന്ന 1500 കിലോ ഹെറോയിൻ പിടിച്ചെടുത്തിരുന്നു.
Discussion about this post