തിരുവനന്തപുരം : നരേന്ദ്രമോദിയെന്ന ഉറക്കമില്ലാത്ത കാവല്‍ക്കാരന്‍ ഉണര്‍ന്നിരിക്കുന്ന ഇന്ത്യയില്‍ ഒരു ജിഹാദിക്കും രക്ഷപെടാന്‍ കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ചിറകിന് കീഴില്‍ സംരക്ഷണം കിട്ടുമെന്ന് കരുതുന്ന ജിഹാദികള്‍ കരുതിയിരിക്കണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നവഭാരത് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തെ ജിഹാദികളുടെ മണ്ണാക്കി മാറ്റിയത് സംസ്ഥാനം ഭരിച്ചിട്ടുള്ളവരുടെ മൃദുസമീപനമാണെന്നും, കേരളത്തിന്‍റെ മണ്ണ് ജിഹാദികള്‍ക്ക് ഉള്ളതല്ലെന്നും മന്ത്രി പറഞ്ഞു. പകല്‍ ഡി.വൈ.എഫ്. ഐയും രാത്രി എസ്.ഡി.പി.ഐയും ആയി ഇരിക്കുന്നവരും കരുതിയിരിക്കണം. ഇങ്ങനെയുള്ള ആളുകള്‍ക്ക് എതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മന്ത്രി ചോദിച്ചു.
പ്രൊഫഷണല്‍ കോളേജുകളില്‍ പെണ്‍കുട്ടികളെ തീവ്രവാദ സംഘത്തിലേക്ക് നയിക്കുന്നതിന് ശ്രമം നടക്കുന്നുവെന്ന് സി.പി.എം പറഞ്ഞതു കൊണ്ടായില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
”നാല് വോട്ടിന് വേണ്ടി ആരുമായും വിട്ടുവീഴ്ച ചെയ്യാമെന്നതാണ് കേരളത്തിലെ ഭരണ, പ്രതിപക്ഷത്തിന്റെ രീതി . ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വ്യത്യാസമില്ല. ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്ന ജമാ അത്തെ ഇസ്ലാമിയെയും വിയോജിപ്പുള്ളവരുടെ കൈവെട്ടുന്ന എസ്.ഡി.പി.ഐയെയും വെള്ളപൂശുന്ന സമീപനമാണ് മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും കൈക്കൊള്ളുന്നത്. നരേന്ദ്രമോദി വംശഹത്യ നടത്തി എന്ന് അധിക്ഷേപിക്കുന്നവര്‍ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും നടത്തിയ യഥാര്‍ഥ വംശഹത്യകളെകുറിച്ച് മൗനം പാലിക്കുകയാണ്”. വി.മുരളീധരന്‍ കുറ്റപ്പെടുത്തി.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. സജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, വിജയന്‍ തോമസ്, യുവമോര്‍ച്ച സംസ്ഥാന ഭാരവാഹികളായ ജെ.ആര്‍ അനുരാജ്, ബി.ജി വിഷ്ണു, ബി.എല്‍ അജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post