കൊച്ചി: കോസ്റ്റ്ഗാർഡിൽ അസിസ്റ്റന്റ് കമൻഡന്റാണെന്ന് അവകാശപ്പെട്ട് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത മലപ്പുറം കൈനോട് പിലാക്കൽ അമീർ സൂഫിയാൻ(25) അറസ്റ്റിൽ. ഇന്ത്യൻ നേവിയിലും കോസ്റ്റ് ഗാർഡിലും പരിശീലന കേന്ദ്രങ്ങൾ വഴി ആളെ എടുക്കുന്നുണ്ടെന്നും ജോലി വാങ്ങി നൽകാമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
ആലുവ സ്വദേശി ഫിറോസ് മുഹമ്മദിൽ നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൃപ്പൂണിത്തുറ ഇൻസ്പെക്ടർ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വേറെ യുവാക്കളെയും ഇയാൾ പറ്റിച്ചിട്ടുണ്ടെന്നാണ് വിവരം. കൂടുതൽ പരാതിക്കാർ എത്തുന്ന മുറയ്ക്ക് കൂടുതൽ കേസ് രജിസ്റ്റർ ചെയ്യാനാണ് പൊലീസ് നീക്കം.
തട്ടിപ്പിനിരയായ യുവാക്കളെ വിശ്വസിപ്പിക്കാൻ പ്രതി യൂണിഫോം ധരിച്ചു നിൽക്കുന്ന ഫോട്ടോകളും പിസ്റ്റലിന്റെ ഫോട്ടോയും കോസ്റ്റ് ഗാർഡിന്റെ പേരിൽ വ്യാജമായി തയാറാക്കിയ അഡ്മിഷൻ കാർഡും അയച്ചു നൽകിയിരുന്നു. തൃപ്പൂണിത്തുറ എരൂർ ഭാഗത്തുള്ള ഹോട്ടലിൽ മുറി എടുത്തു താമസിച്ചായിരുന്നു ഇയാളുടെ തട്ടിപ്പുകൾ. അറസ്റ്റു ചെയ്ത പ്രതിയെ തൃപ്പൂണിത്തുറ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
Discussion about this post