പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാന്‍ സഹായിച്ചാല്‍ ഇരുപത്തിയഞ്ച് കോടി രൂപ പലിശ രഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ച് പത്തു കോടി തട്ടിയെടുത്ത കേസില്‍ ചേര്‍ത്തല സ്വദേശി മോന്‍സണ്‍ മാവുങ്കലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതെന്ന് അവകാശപ്പെട്ട് ഇയാള്‍ വിറ്റിരുന്ന വസ്തുക്കള്‍ പലതും വ്യാജ നിര്‍മ്മിതികളാണെന്നുള്ള വിവരവും പുറത്ത് വരുന്നുണ്ട്.
സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്‍മാരുമായി സൗഹൃദം സൃഷ്ടിച്ചായിരുന്നു ഇയാള്‍
ഇടപാടുകാര്‍ക്കിടയില്‍ വിശ്വാസ്യത നേടിയിരുന്നത്. ഇത്തരത്തില്‍ മോന്‍സണുമായി സഹകരിച്ചിരുന്ന രാഷ്ട്രീയക്കാരുടേയും, ഉദ്യോഗസ്ഥരുടേയും ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തുക്കളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തവരുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. മുന്‍ ഡിജിപി ലോകനാഥ് ബെഹ്റയുടേയും, മനോജ് എബ്രഹാം ഐ പി എസിന്റെയും ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിരപുരാതനമായ അമൂല്യവസ്തുക്കളുടെ ഇടയില്‍ ബഹുമാനപ്പെട്ട ലോകനാഥ് ബെഹ്റ അവര്‍കളും ശ്രീമാന്‍ മനോജ് എബ്രഹാം സെറും നില്‍ക്കുന്ന ഹൃദയഹാരിയായ കാഴ്ചയെന്ന് തുടങ്ങുന്ന രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ എഴുതിയ കുറിപ്പ് വായിക്കാം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
ചിരപുരാതനമായ അമൂല്യവസ്തുക്കളുടെ ഇടയില്‍ ബഹുമാനപ്പെട്ട ലോകനാഥ് ബെഹ്ര അവര്‍കളും ശ്രീമാന്‍ മനോജ് എബ്രഹാം സെറും നില്‍ക്കുന്ന ഹൃദയഹാരിയായ കാഴ്ച്ച. പുരാവസ്തുക്കളെക്കുറിച്ച് താല്പര്യമുള്ളയാള്‍ എന്ന നിലയില്‍ എന്റെ നിരീക്ഷണങ്ങള്‍ ഞാന്‍ പറയാം. ലക്ഷണം കണ്ടിട്ട്, ശ്രീമാന്‍ ബെഹ്ര ജി ഇരിക്കുന്നത് ക്രിസ്തുവിന് 500 വര്‍ഷം മുന്‍പ് മഗധ സാമ്രാജ്യം ഭരിച്ചിരുന്ന ഹര്യങ്ക രാജവംശത്തിലെ ബിംബിസാരന്‍ ഉപയോഗിച്ച സിംഹാസനം ആണ്. അദ്ദേഹത്തെ വധിച്ചശേഷം മകന്‍ അജാതശത്രു ഈ സിംഹാസനം മഗധ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലിയനാര്‍ഡോ ഡികാപ്രിയോയുടെ സഹായത്തോടെ ഒരു അശോക് ലെയ്ലാന്‍ഡ് ട്രക്കില്‍ കയറ്റി എവിടെയോ കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ചിരപുരാതനമായ ഈ സിംഹാസനത്തിന് സുമാര്‍ മുപ്പത് കൊല്ലത്തെ പഴക്കമെങ്കിലും ഉണ്ടാകും.
അദ്ദേഹത്തിന്റെ കയ്യില്‍ ഇരിക്കുന്നത് ഒരുപക്ഷേ രാവണന്റെ ചന്ദ്രഹാസത്തിന്റെ പിടി ആയിരിക്കാം. രാമരാവണയുദ്ധത്തില്‍ രാവണന്‍ കൊല്ലപ്പെട്ടശേഷം ലങ്കാരാജ്യത്തിലെ വടക്കിനിയില്‍ പുട്ട് ഉണ്ടാക്കാനുള്ള അരിപൊടിക്കാന്‍ ഉലക്കയ്ക്ക് പകരമായി ഇത് ഉപയോഗിച്ചതായി ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. തടി അക്കേഷ്യ ആണെന്ന് തോന്നുന്നു.
ശ്രീമാന്‍ മനോജ് എബ്രഹാം സെറിന്റെ കയ്യില്‍ കാണുന്നത് ഒരുപക്ഷേ അവസാന മൗര്യരാജാവായ ബൃഹദ്രഥനെ വധിക്കാന്‍ അദ്ദേഹത്തിന്റെ സൈന്യാധിപന്‍ ആയിരുന്ന പുഷ്യമിത്ര ശുംഗന്‍ ഉപയോഗിച്ച വാള്‍ ആയിരിക്കണം. ക്രിസ്തുവിന് 180 വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. ചുരുങ്ങിയത് 2005ല്‍ എങ്കിലും നിര്‍മ്മിക്കപ്പെട്ട ഈ വാളിന് ഒന്നര പതിറ്റാണ്ട് പഴക്കമുണ്ടാകും. എന്നാല്‍ ഈ വാളിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ചരിത്രകുതുകികളായ ചിലര്‍ എന്നോട് പറഞ്ഞു. അവര്‍ പറയുന്നത് പ്രകാരം ഈ വാള്‍ പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്ബനിയിലെ ഒരു ബ്രണ്ണറായി സായിപ്പ് കരഗതമാക്കിയത്രേ. ഊരിപ്പിടിച്ച ഈ വാളിന്റെ ഇടയിലൂടെ മൂര്‍ച്ചയില്ലെന്ന ധൈര്യത്തില്‍ ഇന്ദ്രചന്ദ്രാദികളെ കൂസാത്ത പലരും തെക്കുവടക്ക് ഉലത്തിയിട്ടുണ്ടത്രേ, ക്ഷമിക്കണം, ഉലാത്തിയിട്ടുണ്ടത്രേ.
എന്റെ പരിമിതമായ ചരിത്രാവബോധത്തില്‍ നിന്നാണ് ഇത്രയും പറഞ്ഞത്. ആധികാരികത അവകാശപ്പെടുന്നില്ല. കാലഗണനയെ കുറിച്ചോ വസ്തുതകളെ കുറിച്ചോ കൂടുതല്‍ അറിവുള്ളവര്‍ എന്നെ തിരുത്തിയാല്‍ സന്തോഷം. ജയ് ചിങ്‌ചോ!
Discussion about this post