അതിര്‍ത്തിയിലെ ഏത് വെല്ലുവിളികളെയും നേരിടാനുള്ള തയ്യാറെടുപ്പില്‍ തന്നെ തുടരാന്‍ തീരുമാനിച്ച് ഇന്ത്യന്‍ സേന. ചൈനീസ് സേന അതിര്‍ത്തിയില്‍ ഉടനീളം ടെന്റുകള്‍ അടക്കം സ്ഥാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. അതിര്‍ത്തി മേഖലയിലെ ആയുധ വിന്യാസം വര്‍ധിപ്പിക്കാനും കൂടുതല്‍ പ്രഹര ശേഷിയുള്ള പടക്കോപ്പുകള്‍ എല്ലായിടത്തും എത്തിക്കാനും ഇന്ത്യന്‍ സേന നടപടികള്‍ ഊര്‍ജ്ജിതമാക്കി.
കിഴക്കൻ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപം നിര്‍മിച്ച് ചൈന. ടാഷിഗോങ്, മൻസ, ഹോട്ട് സ്പ്രിങ്സ്, ചുറുപ്പ് എന്നിങ്ങനെ എട്ടിടങ്ങളിലായി സൈനികര്‍ക്കായി ടെന്‍റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ചെറു വ്യോമത്താവളങ്ങളും ഹെലിപാഡുകളും സജ്ജമാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ക്വാഡ് ഉച്ചകോടിയിലും യുഎന്‍ പൊതുസഭയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്കെതിരെ പരോക്ഷമായി നിലപാടെടുത്തിന് പിന്നാലെയാണ് ചൈനയുടെ നടപടി. കഴിഞ്ഞ വർഷം ഇരുപക്ഷവും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് ചൈനീസ് സൈന്യം സ്ഥാപിച്ച സൈനിക ക്യാംപുകൾക്ക് പുറമേയാണ് പുതിയ ടെന്‍റുകള്‍ നിർമിച്ചിരിക്കുന്നത്.
സൈനിക തല ചര്‍ച്ചയില്‍ സമാധാനം പറയുന്ന ചൈന ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ മേഖലയില്‍ നിന്ന് പിന്മാറ്റം ഉദ്ദേശിച്ചു കൊണ്ട് അല്ലെന്ന് ഇന്ത്യ മനസിലാക്കുന്നു. അതുകൊണ്ടു തന്നെ അതിര്‍ത്തി മേഖലയിലെ ഏതു വെല്ലുവിളിയും നേരിടാന്‍ സുസജ്ജമായി തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. നിലവിലുള്ള സാഹചര്യത്തില്‍ മുന്നേറ്റ മേഖലകളില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കും.
ബോഫോഴ്‌സ് പീരങ്കികളും റോക്കറ്റ് വിന്യാസവും എം.777 അള്‍ട്രാ ലൈറ്റ് ഹൗസിറ്റാഴ്‌സും ഇന്ത്യ പിന്‍വലിക്കില്ല. എം.777 അള്‍ട്രാ ലൈറ്റ് ഹൗസിറ്റാഴ്‌സ് ചിനുക്ക് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് നെറ്റ് മേഖലകളിലെ ആവശ്യ സ്ഥലങ്ങളില്‍ എത്തിക്കാനും ഇന്ത്യ തീരുമാനിച്ചു. റഫാല്‍ വിമാനങ്ങള്‍ അടക്കമുള്ളവയുടെ സേവനവും ഏത് സമയവും ലഭ്യമാക്കാന്‍ പാകത്തിലാണ് ഇപ്പോള്‍ തന്നെ ക്രമീകരിച്ചിട്ടുള്ളത്. ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ വീഴ്ചയില്ലാത്ത തയ്യാറെടുപ്പുകള്‍ ഇന്ത്യ തുടരുന്നതായി സൈനിക വൃത്തങ്ങളും സ്ഥിരീകരിക്കുന്നു.
അതേസമയം ടെന്റുകളുടെ നിര്‍മാണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് ചൈനയുടെ നിലപാട്. പ്രാഥമികമായിട്ടുള്ള ആവശ്യങ്ങള്‍ക്ക് മാത്രമാണ് ടെന്റുകള്‍ തയ്യാറാക്കിയിട്ടുള്ളതെന്നും മറ്റൊരു ലക്ഷ്യവും അതിനു പിന്നിലില്ലെന്നും ചൈന വ്യക്തമാക്കുന്നു.
ചൈന അടിക്കടി നിലപാടുകള്‍ മാറ്റുകയാണെന്ന് ചൈനയിലെ ഇന്ത്യൻ സ്ഥാനപതി വിക്രം മിസ്രി പറഞ്ഞു. കഴിഞ്ഞ വർഷം മേയ് 5ന് പാങ്കോങ് തടാക മേഖലയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം ഉടലെടുത്തത്. കഴിഞ്ഞ വർഷം ജൂൺ 15ന് ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിനെ തുടർന്ന് അതിർത്തി തർക്കം രൂക്ഷമായി.
Discussion about this post