കൊച്ചി: പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിയ മോന്സണ് മാവുങ്കലിന്റെ കലൂര്‍ വൈലോപ്പിള്ളി ലെയ്നിലുള്ള കൊട്ടാരസമാനമായ വീട്ടില്‍ കസ്റ്റംസും വനം വകുപ്പും പരിശോധന നടത്തി. വീട്ടിലുള്ള വിദേശനിര്‍മിത വാഹനങ്ങളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആനക്കൊമ്പ് അടക്കമുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു വനം വകുപ്പിന്റെ പരിശോധന. പരിശോധന മണിക്കൂറുകള്‍ നീണ്ടു.
വീട്ടിലെ മ്യൂസിയത്തില്‍ ആനക്കൊമ്പ് പിടിപ്പിച്ച ഇരിപ്പിടമുള്ളതായി ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതു യഥാര്‍ഥമാണോ എന്നറിയാനാണ് വനം വകുപ്പ് എത്തിയത്. പുരാവസ്തു ശേഖരത്തില്‍ സമാനമായ അനധികൃത ഉല്പന്നങ്ങള് വല്ലതുമുണ്ടോയെന്നും വനം വകുപ്പ് പരിശോധിച്ചിട്ടുണ്ട്. ആഡംബര കാറുകള്‍, പുരാവസ്തുക്കള്‍ എന്നിവയെക്കുറിച്ചാണ് കസ്റ്റംസ് കാര്യമായും പരിശോധിച്ചത്. കലൂരിലെയും ചേര്‍ത്തലയിലെയും വീടുകളില്‍ ക്രൈംബ്രാഞ്ച് നേരത്തെ നടത്തിയ പരിശോധനയില്‍ നിരവധി ആഡംബര കാറുകള്‍ കണ്ടെത്തിയിരുന്നു.
Discussion about this post