കാണ്‍പൂര്‍: മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ഹിന്ദുമതത്തിനെതിരെ പ്രചരണം നടത്തുകയും ചെയ്ത കാണ്‍പൂരിലെ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വിവാദത്തിൽ. ഒരു മതപരിവര്‍ത്തന ചടങ്ങില്‍ ഉദ്യോഗസ്ഥന്‍ പങ്കെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായതിനു പിന്നാലെയാണ് സംഭവം വിവാദമായാത്. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇഫ്തിഖാറുദ്ദീന്‍ ഹിന്ദുമതത്തിനെതിരെ പ്രചാരണം നടത്തിയെന്ന് മഠം മന്ദിര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ദേശീയ ഉപാദ്ധ്യക്ഷന്‍ ഭൂപേഷ് അവസ്തിയാണ് ആരോപണം ഉന്നയിച്ചത്.
യു.പി സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് ഇഫ്തിരാഖുദ്ദന്‍ കാണ്‍പൂരില്‍ ഒരു മതപരമായ പരിപാടിയില്‍ പങ്കെടുക്കുന്ന വീഡിയോ അവസ്തി പുറത്തുവിട്ടു. വീഡിയോയില്‍ ഒരു സംഘം ആളുകള്‍ തറയില്‍ ഇരിക്കുന്നതും ഒരു മൗലാന ഐ.എ.എസ് ഉദ്യോഗസ്ഥനോടൊപ്പം മതപ്രഭാഷണങ്ങള്‍ നടത്തുന്നതും വ്യക്തമാണ്. വീഡിയോയില്‍ ഇഫ്തിരാഖുദ്ദന്‍ സദസിനോട് സംസാരിക്കുമ്പോള്‍ മതപരിവര്‍ത്തനത്തെക്കുറിച്ച് പറയുന്നുണ്ടെന്നും, ഇസ്ലാം മതം സ്വീകരിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ദേശീയ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, എപ്പോഴാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.
സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് യു.പി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
Discussion about this post