കോഴിക്കോട്: ഔദ്യോഗിക ഏജന്‍സിയെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിച്ച് പ്രവര്‍ത്തിച്ച സ്വകാര്യ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. എരഞ്ഞിപ്പാലം-അരയിടത്തുപാലം റോഡില്‍ നിര്‍മല്‍ ആര്‍ക്കേഡിലെ ഐ ട്രസ്റ്റ് ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് വെല്‍ഫെയർ എന്ന സ്ഥാപനത്തിലാണ് നടക്കാവ് പൊലീസ് പരിശോധന നടത്തി ഉടമകള്‍ക്കെതിരെ കേസെടുത്തത്.
സിറ്റി സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ സ്വപ്നില്‍ എം. മഹാജന്, ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജ് എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. ഔദ്യോഗിക ഏജന്‍സിയെന്ന് തെറ്റിദ്ധരിപ്പിക്കുകയും പൊതുജനങ്ങളില്‍നിന്ന് പരാതി സ്വീകരിച്ച് ഇരുകക്ഷികളെയും വിളിച്ചുവരുത്തി പരാതി തീര്‍പ്പാക്കി അന്യായമായി പണം വാങ്ങിയെന്നുമാണ് പരാതി. ആള്‍മാറാട്ടം നടത്തിയാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും പൊലീസ് പറഞ്ഞു. പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
നടക്കാവ് ഇന്‍സ്പെക്ടര്‍ സന്തോഷ്കുമാര്‍, എസ്.ഐമാരായ മനോജ്, അബ്ദുല്‍കലാം, എ.എസ്.ഐ. ലൗജിത്, സീനിയര്‍ സി.പി.ഒ നിഷ, സി.പി.ഒ ബബിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വ്യാജമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജ് പറഞ്ഞു.












