ബെയ്ജിംഗ്: ചൈനയില്‍ കനത്ത വൈദ്യുതി ക്ഷാമം. വടക്കന്‍ പ്രവിശ്യയില്‍ കല്‍ക്കരിയുടെ വിലവര്‍ദ്ധനവും തെക്കന്‍ പ്രവിശ്യയില്‍ ജലവൈദ്യുതി ഉത്പാദനത്തിന്റെ കുറവും അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയും ബെയ്ജിങ്ങിലെ വൈദ്യുത പ്രതിസന്ധി രൂക്ഷമാക്കുന്നു.
വൈദ്യുത ഉപയോഗം പരിധി കവിയാതിരിക്കാന്‍ പവര്‍കട്ട് അടക്കം കര്‍ശന നിയന്ത്രണമാണ് ചൈനയിലെ പല പ്രവിശ്യയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലോകത്തിനു വേണ്ട ഇലക്‌ട്രോണിക്‌സ് ഘടകങ്ങളും തുണിത്തരങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ നിര്‍മിക്കുന്ന ചൈനയിലെ ഫാക്ടറികള്‍ ഉല്‍പാദനം വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. കമ്പനികള്‍ക്കടക്കം വൈദ്യുതി ഉപയോഗത്തിന് റേഷനിങ് ഏര്‍പ്പെടുത്തി.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നിലൊന്ന് വരുന്ന ജിയാങ്സു, സെജിയാങ്, ഗ്വാങ്ഡോങ് പ്രവിശ്യകളിലെ ഉല്‍പാദനത്തില്‍ കുറവുണ്ടാക്കുമെന്നാണ് ചൈനീസ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ സാധനങ്ങളുടെ വില ഉയര്‍ത്തേണ്ട സാഹചര്യം വന്നേക്കാമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കര്‍ശനമായ കോവിഡ് നിയന്ത്രണ നടപടികള്‍, പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ എന്നിവമൂലമുണ്ടായ പ്രശ്നങ്ങള്‍ക്ക് പുറമേ ഊര്‍ജ്ജ പ്രതിസന്ധികൂടി ഉണ്ടാകുന്നത് ചൈനയുടെ സമ്പദ് വ്യാവസ്ഥയെ സാരമായി രീതിയില്‍ ബാധിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ചൈനയിലെ തെക്കന്‍ പ്രവിശ്യകളില്‍ ജൂണ്‍ മുതല്‍ തന്നെ വൈദ്യുതി ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. നിര്‍മ്മാതാക്കള്‍ക്കുള്ള വൈദ്യുതി വിതരണം നിയന്ത്രിക്കാന്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടതോടെ ഫാക്ടറികള്‍ ഉത്പാദനം കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ഗ്വാങ്‌ഡോങ് പ്രവിശ്യ അവരുടെ ഊര്‍ജ്ജാവശ്യത്തിന്റെ 30 ശതമാനത്തിനും ജലവൈദ്യുതിയെയാണ് ആശ്രയിക്കുന്നത്. പക്ഷേ, ഇത്തവണത്തെ കടുത്ത വേനല്‍ ജലസംഭരണികളെ വറ്റിക്കുകയും പ്രവിശ്യയിലെ ഊര്‍ജ്ജ വിതരണത്തെ താറുമാറാക്കുകയും ചെയ്തുവെന്നാണ് വിവരം.
അധികമായി വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ചില വൈദ്യുതി കമ്പനികള്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. രാവിലെ ഏഴ് മുതല്‍ രാത്രി 11 വരെയുള്ള സമയത്ത് പ്രവര്‍ത്തിക്കാതിരിക്കുകയോ, ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസം പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തുകയോ ചെയ്യാനാണ് ഇത്തരം കമ്പനികൾക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതനുസരിച്ച് ആപ്പിളും ടെസ്ലയും ഉള്‍പ്പടെയുള്ള നിരവധി അന്താരാഷ്ട്ര കമ്പനികള്‍ അനിശ്ചിതകാലത്തേക്ക് ഫാക്ടറി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post