ഭീകരവാദ ബന്ധവും രാജ്യദ്രോഹക്കുറ്റവും സംശയിച്ച് ഉത്തർപ്രദേശ് പോലീസിൻ്റെ പിടിയിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ധിക് കാപ്പന് വേണ്ടി മനോരമയുടെ ഡൽഹി ലേഖിക രംഗത്ത്. സിദ്ധിക്ക് കാപ്പനെ അന്യായമായി തടങ്കലിൽ വച്ചിരിക്കുന്നു എന്നും ചികിത്സ നിഷേധിക്കുന്നു എന്നും കേസുമായി മനോരമ ചാനൽ ന്യൂഡൽഹി റിപ്പോർട്ടറായ മിജി ജോസ് ആണ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരേ കോടതി അലക്ഷ്യ കേസ് ഫയൽ ചെയ്തിരിക്കുന്നത്. മുൻപ് മീഡിയ വണ്ണിലാണ് മിജി ജോസ് പ്രവർത്തിച്ചിരുന്നത്.
പത്രപ്രവർത്തക യൂണിയൻ്റെ ഡൽഹി ഘടകം പ്രസിഡൻ്റ് ആണ് മിജി ജോസ്. ജീവനക്കാരുടെ യൂണിയൻ പ്രവർത്തനത്തിനും പ്രത്യേകിച്ച് കോടതി വ്യവഹാരങ്ങൾ ഉൾപ്പെടെയുള്ള ഇടപെടലുകൾക്കും മനോരമ മാനേജ്മെൻ്റിൻ്റെ അനുമതി ആവശ്യമാണ് എന്നാണ് അവിടെ പ്രവർത്തിച്ചിരുന്ന മുതിർന്ന പ്രത്രപ്രവർത്തകർ പറയുന്നത്. അഴിമതി കേസിൽ വിജിലൻസിന് പരാതി കൊടുത്ത കാരണത്തിന് പോലും മുതിർന്ന മാദ്ധ്യമപ്രവർത്തകരെ മനോരമ മാനേജ്മെൻ്റ് ശിക്ഷാ നടപടികൾക്ക് വിധേയരാക്കിയിട്ടുണ്ട്.
അതു കൊണ്ട് തന്നെ മനോരമ ഡൽഹി ലേഖിക ഈ കേസ് നൽകിയത് മനോരമ ഉടമസ്ഥരുടേയും മാനേജ്മെൻ്റിൻ്റേയും അറിവോടെയും സമ്മതത്തോടെയും ആകാം എന്ന് സംശയങ്ങൾ ഉയരുന്നുണ്ട്.
യു പി ഗവൺമെൻ്റിനെതിരേയും യോഗി ആദിത്യനാഥിനെതിരേയും പുകമറ സൃഷ്ടിക്കുന്ന സംഘടിത ആക്രമണങ്ങളുമായി രാജ്യത്തിനകത്തും പുറത്തും നിന്ന് വിഘടനവാദശക്തികൾ പ്രവർത്തനങ്ങൾ നടത്തുമ്പോൾ മനോരമ എന്ന മാദ്ധ്യമ സ്ഥാപനവും അതിൽ ഭാഗഭാക്കാവുന്നതാണോ എന്ന് ആരോപണങ്ങളും ഉയരുന്നുണ്ട്.
സിദ്ധിക് കാപ്പന് വേണ്ടി കേസ് വാദിക്കുന്നത് ഒരു സിറ്റിങ്ങിന് തന്നെ ലക്ഷങ്ങൾ വിലയുള്ള കപിൽ സിബൽ ആണ്. കപിൽ സിബൽ ഒരു കേസ് വാദിച്ച് തീർക്കണമെങ്കിൽ കോടികൾ ചിലവാകും. ഇത്രയധികം പണം ഇയാൾക്ക് വേണ്ടി ആരാണ് മുടക്കുന്നതെന്നും ചോദ്യങ്ങളുയരുന്നു. സിദ്ധിക് കാപ്പന് ഇത്രയും പണം നൽകാനുള്ള സാമ്പത്തിക സ്രോതസ്സ് ഇല്ലന്നിരിക്കേ ജീവനക്കാരി വഴി മനോരമ മാനേജ്മെൻ്റ് തന്നെയാണോ പണം നൽകുന്നതെന്ന ചോദ്യം നിലനിൽക്കുന്നു.
സിദ്ധിക് കാപ്പന് വേണ്ടി മുൻപ് സംസാരിച്ചിരുന്നവർ പലരും കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെട്ട ശേഷം ഇപ്പോൾ നിശബ്ദരാണ്. പത്രപ്രവർത്തക യൂണിയൻ ആഹ്വാനം ചെയ്ത പ്രതിഷേധം പോലും വൻ പരാജയമായിരുന്നു. വിരലിലെണ്ണാവുന്ന മാദ്ധ്യമപ്രവർത്തകർ മാത്രമാണ് പ്രതിഷേധത്തിനെത്തിയത്. യു പി പോലീസും കേന്ദ്ര ഏജൻസികളും അയാളുടെ പല പ്രവർത്തനങ്ങളും വിശദമായി പരിശോധിച്ച് വരികയാണ്. രാജ്യവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തിയതിൻ്റെ വ്യക്തമായ തെളിവുകൾ ഏജൻസികൾക്ക് ലഭിച്ചെന്നാണ് സൂചനകൾ.
ആ അവസരത്തിൽ അങ്ങനെയൊരാളെ ഉപയോഗിച്ച് ഉത്തർപ്രദേശ് ഗവൺമെൻ്റിനെ മനുഷ്യാവകാശ വിരുദ്ധരെന്ന് മുദ്ര കുത്താൻ കരുക്കൾ നീക്കുന്നവരുടെ കൂട്ടത്തിൽ മനോരമ മാനേജ്മെൻ്റും ഉൾപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇതേപ്പറ്റി സജീവമായി ചർച്ചകൾ നടക്കുകയാണ്.
Discussion about this post