ഡല്‍ഹി: പുതിയ ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ എത്തുന്നതോടെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്ര സഭയെ അറിയിച്ച് ഇന്ത്യ. എന്നാല്‍ കൊവിഡ് വാക്സിനുകള്‍ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തേണ്ടതിനാല്‍ മരുന്ന് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത യു എന്‍ ഉറപ്പാക്കണമെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. യു എന്നില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അംബാസിഡറുമായ ടി എസ് തിരുമൂര്‍ത്തിയാണ് യു എന്നില്‍ ഇത് വ്യക്തമാക്കിയത്. യു എന്‍ ജനറല്‍ അസംബ്ളിയുടെ രണ്ടാമത്തെ സമിതിയുടെ ജനറല്‍ ഡിബേറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പ്രതിസന്ധി ഒരിടത്തും അവസാനിക്കാത്ത സാഹചര്യത്തിലാണ് നാമിപ്പോള്‍. എന്നിരുന്നാലും പ്രതിരോധ മരുന്നുകളുടെ കണ്ടുപിടിത്തത്തോടെ ഇതിന് ഒരു പരിധിവരെ ആശ്വാസമേകാനാകുമെന്ന പ്രതീക്ഷയിലാണ് നാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചതുപോലെ വാക്സിനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്നും മറ്റ് പങ്കാളികളോടൊപ്പം കൊവിഡിന് അവസാനമുണ്ടാക്കുമെന്നും തിരുമൂര്‍ത്തി പറഞ്ഞു.
2021-ന്റെ നാലാം പാദത്തോടെ വാക്സിന് മൈത്രി പദ്ധതി പ്രകാരം മിച്ചമുള്ള വാക്സിനിന്റെ കയറ്റുമതി വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഏപ്രിലില്‍ കൊവിഡിന്റെ രണ്ടാം തരംഗം എത്തിയതോടെയാണ് ഇന്ത്യ വാക്സിനിന്റെ കയറ്റുമതി നിര്‍ത്തിവെച്ചത്. ഏകദേശം നൂറോളം രാജ്യങ്ങളിലേക്ക് 6.6 കോടിയില്‍പ്പരം വാക്സിന് ആണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
Discussion about this post