വിടവാങ്ങിയ അനശ്വര നടന്‍ നെടുമുടി വേണുവിനെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ഹൃദയസ്‌പര്‍ശിയായ ഓര്‍മ്മക്കുറിപ്പുമായി സിനിമാലോകം.
തന്നെ ഓര്‍ക്കുകയും അനിയനെപ്പോലെ കരുതിക്കൊണ്ട് നടക്കുകയും ചെയ്‌തിരുന്ന ജേഷ്‌ഠനാണ്, വഴികാട്ടിയായ സുഹൃത്താണ്, ശാസിച്ച അമ്മാവനാണ്, ഒരുപാട് സ്‌നേഹിച്ച അച്ഛനാണ് അതിനപ്പുറം വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാകാത്ത എന്തൊക്കെയോ ആണ് നെടുമുടി വേണുവെന്ന് മമ്മൂട്ടി കുറിച്ചു. തുടർന്ന് അദ്ദേഹത്തോടൊപ്പം 1981ല്‍ കോമരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ തുടങ്ങിയ സൗഹൃദവും മദ്രാസില്‍ വര്‍ഷങ്ങളോളം സൗഹൃദത്തില്‍ ലഭിച്ച അനുഭവങ്ങളും മമ്മൂട്ടി പങ്കുവയ്‌ക്കുന്നു.
‘അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് . വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല..’ വ്യക്തിപരമായി തന്നെ ഏറ്റവും വലിയ വേദനയാണ് നെടുമുടി വേണുവിന്റെ വിയോഗമെന്ന് മോഹൻലാൽ. ‘ഒരു ജ്യേഷ്‌ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ’- ലാൽ കുറിച്ചു
‘നെടുമടി സാര്‍, ഒരു മികച്ച നടന്‍. വിനയമുളള വിസ്‌മയങ്ങളുളള നടന്‍. അദ്ദേഹത്തിന്റെ മരണം സിനിമ വ്യവസായത്തിന് വലിയ നഷ്‌ടമാണ്. ഓരോ സീനും ജീവസുറ്റതാക്കുന്ന അങ്ങയുടെ ആ മാജിക്ക് ഇനി എന്നാണ് ഞങ്ങള്‍ക്ക് കാണാനാകുക വേണു സാര്‍? ഞങ്ങള്‍ നിങ്ങളെ മിസ് ചെയ്യും’ ശങ്കര്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ പറയുന്നു.
”അതുല്യകലാകാരനായ, ഗുരുസ്ഥാനീയനായ ഏറ്റവും പ്രിയപ്പെട്ട വേണു അങ്കിളിനെക്കുറിച്ച് ഞാന്‍ എന്തെഴുതാനാണ്. വല്ലാത്തൊരു ശൂന്യത. ഒരുമിച്ച് ചെയ്ത യാത്രകളും, പാടിക്കേള്‍പ്പിച്ച പാട്ടുകളും, ആദ്യ സിനിമ സംവിധാനം ചെയ്യുമ്ബോള്‍ ഒപ്പം നിന്ന് പറഞ്ഞു തന്ന കാര്യങ്ങളും, അച്ഛന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ ധൈര്യം തന്ന ആ ഫോണ്‍ വിളിയും.. എല്ലാം മിന്നിമറയുന്നു.. പകരക്കാരനില്ലാത്ത പ്രതിഭാശാലിയാണ്.. മറക്കില്ല, മറക്കാനാവില്ല. വേണു അങ്കിള്‍. അങ്ങയുടെ സിനിമകളും കലയോടുള്ള ആഴത്തിലുള്ള അവബോധവും വരും തലമുറയ്‌ക്കൊരു പഠനോപാധിയായിരിക്കും. ഇതിഹാസത്തിനു വിട.” പൃഥ്വിരാജ് കുറിച്ചു.
“ഒരിക്കലും ഉള്‍കൊള്ളാന്‍ പറ്റാത്ത വേര്‍പാട്, വേണുവേട്ടാ പ്രണാമം.” ദിലീപ്
‘ഞാന്‍ ഇപ്പോള്‍ വിയോഗവാര്‍ത്ത അറിഞ്ഞതേയുള്ളു. അതുകൊണ്ട് തന്നെ ദുഃഖം നിയന്ത്രിക്കാനാകുന്നില്ല.നെടുമുടിയുടെ ആരാധകനാണ് ഞാന്‍. വേണുസാറിന്റെ ആരാധകനാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. നടന്‍ മാത്രമല്ല തികഞ്ഞൊരു കലാകാരനാണ് അദ്ദേഹം. അതുകൊണ്ടാണ് തമിഴ് ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചത്. വേണുവിന്റെ വിയോഗം ഇന്ത്യന്‍ സിനിമാലോകത്തിന് കനത്ത നഷ്ടമാണ്. വേണുവിനെ പോലെ ഒരു കലാകാരന്‍ വളരെ അപൂര്‍വമാണ്. ആ അപൂര്‍വതയുടെ വിടവ് നമുക്ക് എന്നും അനുഭവപ്പെടും. എഴുത്തുകാര്‍, സംവിധായകര്‍, എന്നെപ്പോലെയുള്ള ആരാധകര്‍ എല്ലാവരും വേണുവിനെ എന്നും ഓര്‍ക്കും.വേണുവിന് വേണ്ടി എഴുതാനുള്ള കഥകള്‍ എന്റെയുള്ളില്‍ ഉണ്ടായിരുന്നു.അദ്ദേഹത്തോട് ഒന്നിച്ചഭിനയിച്ചപ്പോള്‍ ഒരുപാട് സംസാരിക്കാന്‍ കഴിഞ്ഞു. എന്റെ സ്‌നേഹം അറിയിക്കാന്‍ സമയം കിട്ടി. അതിന് ഞാനെന്നും നന്ദിപറയുന്നു. പകരക്കാരനില്ലാത്ത പ്രതിഭാശാലി’: വിനീത് ശ്രീനിവാസന്‍.
“വേണുവേട്ടന്‍ വിടവാങ്ങി….. അതുല്യനായ കലാകാരന്‍…അഭിനയത്തിന്റെ മര്‍മ്മമറിഞ്ഞ മഹാനടന്‍…സ്‌നേഹ സമ്പന്നനായ ജ്യേഷ്ഠ സഹോദരന് ആദരാഞ്ജലികള്‍…” വിനയന്‍












