കശ്മീർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനീക ഓഫീസർക്കും സൈനികനും വീരമൃത്യു. ജൂനിയർ കമ്മീഷൻഡ് ഓഫീസറും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചത്. നർ ഖാസ് വനമേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. രജൗറി-പൂഞ്ച് ദേശീയപാതയിൽ ഗതാഗതം താത്കാലികമായി നിർത്തി വച്ചു. പാകിസ്താനിൽ നിന്ന് നുഴഞ്ഞു കയറിയ ഭീകരർക്കായി നർ ഖാസ് വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
പരിക്കേറ്റ സൈനിക ഉദ്യോഗസ്ഥനേയും ജവാനേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കശ്മീരിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. കൊല്ലം ഓടനാവട്ടം സ്വദേശിയായ ജവാൻ എച്ച് വൈശാഖ്, പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാർ ജസ്വിന്ദർ സിങ്, ജവാൻ മൻദീപ് സിങ്, ജവാൻ ഗജ്ജൻ സിങ്, യുപി സ്വദേശി ജവാൻ സരജ് സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്.
വൻ ആയുധശേഖരവുമായി ഏതാനും ദിവസങ്ങൾ മുൻപ് പാക്ക് അധിനിവേശ കശ്മീരിൽനിന്ന് ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞു കയറിയിട്ടുണ്ട്. പാക്ക് സേനയുടെ സഹായത്തോടെ ശൈത്യകാലം ആരംഭിക്കുന്നതിനു മുൻപ് പരമാവധി ഭീകരരെ അതിർത്തി കടത്തി ഇന്ത്യയിലേക്കു വിടാനാണു പാക്ക് ശ്രമം.
Discussion about this post