ഡല്‍ഹി: സവര്‍ക്കര്‍ മഹാത്മാഗാന്ധിയുടെ ഉപദേശപ്രകാരം ബ്രിട്ടീഷുകാര്‍ക്ക് മുമ്പാകെ ദയാഹര്‍ജി സമര്‍പ്പിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത് വിവാദമായതിന് പിന്നാലെ സവര്‍ക്കറുടെ പ്രതിബദ്ധതയെ സംശയിക്കുന്നവര്‍ക്ക് മറുപടി നല്‍കി അമിത് ഷാ. സ്വാതന്ത്ര്യസമര സേനാനിയുടെ ദേശസ്നേഹവും വീരതയും ചോദ്യം ചെയ്യാനാകില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഇത്തരം ആളുകള്‍ക്ക് കുറച്ച് ലജ്ജയുണ്ടാകണമെന്നും ഷാ പറഞ്ഞു.
‘സവര്‍ക്കറിലേതെന്നപോലെ രാജ്യസ്നേഹത്തിന്റെ മനോവികാരം മറ്റാര്‍ക്കും ഇല്ലെന്ന് താന്‍ വിശ്വസിക്കുന്നു. തന്റെ നിലപാട് മാറ്റാതെ, സമൂഹത്തിന്റെ എതിര്‍പ്പിനെ അഭിമുഖീകരിക്കുകയും പ്രയാസകരമായ സാഹചര്യങ്ങളില്‍ തന്റെ കാഴ്ചപ്പാടുകള്‍ തുറന്ന് പറയുകയും ചെയ്യുക. വളരെ കുറച്ച് ആളുകളില്‍ മാത്രമുളള ഈ ധൈര്യം അദ്ദേഹത്തില്‍ ഉണ്ടായിരുന്നതായി താന്‍ കരുതുന്നു. ജയിലില്‍, എണ്ണ വേര്‍തിരിച്ചെടുക്കുന്ന ക്രഷറിലെ കാളയെ പോലെ വിയര്‍പ്പൊഴുക്കുകയും രണ്ട് ജീവപര്യന്തം തടവ് അനുഭവിക്കുകയും ചെയ്ത ഒരാളുടെ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെ സംശയിക്കാനാകുന്നു. ലജ്ജിക്കുന്നു, ഇന്ത്യയുടെ നീണ്ട സ്വാതന്ത്ര്യസമരകാലത്ത് നൂറുകണക്കിന് സ്വാതന്ത്ര്യസമര സേനാനികള്‍ ഈ ജയിലില്‍ തടവിലായിരുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നല്ല ജീവിതത്തിന് ആവശ്യമായതെല്ലാം സവര്‍ക്കറുടെ പക്കലുണ്ടായിരുന്നു. എന്നാല്‍ കഠിനമായ പാതയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഇത് മാതൃരാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കാണിക്കുന്നു. ഈ സെല്ലുലാര്‍ ജയിലിനേക്കാള്‍ വലിയ തീര്‍ത്ഥാടനമില്ല. ഈ സ്ഥലം ഒരു മഹാതീര്‍ത്ഥമാണ്, അവിടെ സവര്‍ക്കര്‍ 10 വര്‍ഷത്തോളം മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ സഹിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ധൈര്യവും ബലവും നഷ്ടപ്പെട്ടില്ല. സവര്‍ക്കറിന് വീര്‍ എന്ന പേര് ഏതെങ്കിലും സര്‍ക്കാരല്ല നല്‍കിയത്, പകരം രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്തിന്റെ അചഞ്ചലമായ ധൈര്യത്തിനും പിന്തുണ നല്‍കിക്കൊണ്ട് ആ പേര് നല്‍കുകയായിരുന്നു. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ സ്നേഹത്തോടെ നല്‍കിയ ഈ പദവി എടുത്തുകളയാനാവില്ല’- ഷാ അഭിപ്രായപ്പെട്ടു.
ആന്റമാന്‍-നിക്കോബാര്‍ ദ്വീപിലെ ത്രിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ സംഘടിപ്പിച്ച യോഗത്തില്‍ അമിത് ഷാ പങ്കെടുത്തിരുന്നു. അന്തമാനിലെ സെല്ലുലാര്‍ ജയില്‍ സവര്‍ക്കര്‍ ‘തീര്‍ഥസ്ഥാന്‍’ (പുണ്യസ്ഥലം) ആക്കി മാറ്റിയെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് സവര്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം യോഗത്തില്‍ പറയുകയുണ്ടായി.
Discussion about this post