ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജയോടനുബന്ധിച്ച് ക്ഷേത്രങ്ങളും പൂജാ പവലിയനുകളും ആക്രമിച്ചത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണെന്ന് വ്യക്തമാക്കി ബംഗ്ലാദേശിലെ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍. രാജ്യത്തെ സാമുദായിക സൗഹാര്‍ദ്ദം തകർക്കാനുള്ള ഒരുകൂട്ടം ആളുകളുടെ പ്രവർത്തിയുടെ ഫലമായിട്ടായിരുന്നു ഈ ആക്രമണങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു.
‘വര്‍ഗീയ സംഘര്‍ഷം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നതിന് വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ട്. എല്ലാ തെളിവുകളും ലഭിച്ചുകഴിഞ്ഞാല്‍ അത് പരസ്യമാക്കും. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കും. ആക്രമണങ്ങളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്’ -അസദുസമാന്‍ ഖാന്‍ പറഞ്ഞു.
വിശുദ്ധ ഖുര്‍ആനിനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് കഴിഞ്ഞയാഴ്ചയാണ് ക്ഷേത്രങ്ങളും പൂജാ പവലിയനുകളും ആക്രമിക്കപ്പെട്ടത്. വിഗ്രഹങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ദുര്‍ഗാ പൂജയുടെ ഭാഗമായുള്ള ആഘോഷങ്ങള്‍ പുരോഗമിക്കുന്നതിനിടെ 200 ഓളം വരുന്ന പ്രതിഷേധ സംഘം കദിം മയ്ജതിയിലെ ക്ഷേത്രം ആക്രമിക്കുകയായിരുന്നു. പിന്നീട് രാജ്യത്തെ 12 ഓളം ജില്ലകളില്‍ കലാപം പടരുകയായിരുന്നു. സൈന്യത്തിന്റെയും പൊലീസിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് കലാപം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാതെ നോക്കാന്‍ കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഇമാം ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. ആറുപേര്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായത്.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതില്‍ പ്രതിഷേധിച്ച് 23 മുതല്‍ രാജ്യവ്യാപകമായി നിരാഹാര സമരം നടത്തുമെന്ന് ഹിന്ദു- ബുദ്ധിസ്റ്റ്- കൃസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post