ന്യൂയോർക്ക് : അമേരിക്കയിലെ സിയാറ്റിലിൽ ഇന്ത്യൻ വിദ്യാർത്ഥിനിയായ ജാൻവി കണ്ഡുലയുടെ മരണത്തിൽ സുപ്രധാന നടപടിയുമായി സിയാറ്റിൽ നഗര ഭരണകൂടം. പോലീസ് വാഹനമിടിച്ച് മരിച്ച ജാനവി കണ്ഡുലയുടെ കുടുംബത്തിന് 29 മില്യൺ ഡോളർ ( 262 കോടി രൂപ) നഷ്ടപരിഹാരമായി നൽകാൻ ഭരണകൂടം ഉത്തരവിട്ടു. കഴിഞ്ഞ വർഷമാണ് 23 കാരിയായ ജാൻവി അമിതവേഗത്തിൽ വന്ന പോലീസ് പട്രോളിംഗ് വാഹനമിടിച്ച് മരിച്ചത്.
യുഎസ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ അനാസ്ഥയ്‌ക്കെതിരെ ഇന്ത്യയിലും ലോകമെമ്പാടും വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. 2023 ജനുവരി 23 നാണ് അപകടം നടന്നത്. പോലീസ് വാഹനം മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്.
ആന്ധ്രാപ്രദേശ് നിവാസിയായ ജാനവി കണ്ഡുല സിയാറ്റിൽ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു.
സിയാറ്റിൽ പോലീസ് ഓഫീസർ കെവിൻ ഡേവ് ആയിരുന്നു അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വേഗത പരിധി മണിക്കൂറിൽ 40 കിലോമീറ്റർ (25 മൈൽ) ആയിരുന്ന ഒരു പ്രദേശത്ത് കെവിൻ ഡേവ് 119 കിലോമീറ്റർ (74 മൈൽ) വേഗതയിൽ തന്റെ വാഹനം ഓടിക്കുകയായിരുന്നു. ജാൻവിയുടെ മരണശേഷം, മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ ഡാനിയേൽ ഓർഡററുടെ ബോഡിക്യാം ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്ഥിതിഗതികൾ വഷളായി. വീഡിയോയിൽ, ജാൻവിയുടെ ജീവന് പരിമിതമായ മൂല്യമേയുള്ളൂവെന്നും നഗരം ഒരു ചെക്ക് എഴുതി നൽകിയാൽ മതിയെന്നുമുള്ള ഇയാളുടെ സംഭാഷണം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.








