ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു. കാശ്മീരി സ്വദേശികളല്ലാത്തവരെ തീവ്രവാദികള്‍ വെടിവച്ചു കൊല്ലാന്‍ ആരംഭിച്ചതോടെയാണ് പ്രാണരക്ഷാര്‍ത്ഥം ഇവര്‍ തങ്ങളുടെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്. കൂടുതലും ബിഹാറില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ തീവ്രവാദികളുടെ തോക്കിന് ഇരയാകുന്നത്.
കഴിഞ്ഞ ദിവസം ബിഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികളെ തീവ്രവാദികള്‍ വകവരുത്തിയിരുന്നു. തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന കുല്‍ഗാമിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. കൊലപ്പെടുത്തുന്നതിന് മുമ്ബ് തൊഴിലാളികളുടെ ആധാര്‍ കാര്‍ഡ് നോക്കി അവര്‍ കാശ്മീര്‍ സ്വദേശികള്‍ അല്ലെന്ന് തീവ്രവാദികള്‍ ഉറപ്പു വരുത്തിയിരുന്നെന്ന് കൊല്ലപ്പെട്ട അരവിന്ദ് കുമാര്‍ സായുടെ സുഹൃത്ത് മുകേഷ് സാ പറഞ്ഞു. ലഷ്കര്‍ ഇ ത്വയ്ബയുടെ അനുബന്ധ വിഭാഗമായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഏതാണ്ട് 200ഓളം ബിഹാറി തൊഴിലാളികളാണ് നിലവില്‍ കാശ്മീര്‍ വിടാന്‍ തയ്യാറെടുക്കുന്നത്.
അതേസമയം അന്യസംസ്ഥാന തൊഴിലാളികളെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന തീവ്രവാദികള്‍ക്കെതിരെ സംസ്ഥാന ഭരണകൂടം കര്‍ശന നടപടിയെടുക്കണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ എത്രയും പെട്ടെന്ന് ആവശ്യത്തിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും നിതീഷ് കുമാര്‍ പറഞ്ഞു.
Discussion about this post