തിരുവനന്തപുരം: കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. ഇന്ന് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി. വനിതാ കമ്മീഷന് ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി. കുട്ടിയെ നഷ്ടമായി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞു. പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷന് നടപടികളിലും വിശ്വാസമില്ലെന്നും അനുപമ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.
അമ്മയില്‍ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ സര്‍ക്കാരും പൊലീസും രംഗത്തെത്തിയിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്ന സി ഡബ്ള്യുസി ചെയര്‍പേഴ്സന്റെ വാദം മന്ത്രി തള്ളി. പൊലീസ് ശിശുക്ഷേമ സമിതിയില്‍ വിവരങ്ങള്‍ തേടിയെങ്കിലും ദത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നല്കി. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു.
പ്രശ്നത്തിൽ സിപിഎം അടക്കം പ്രതിക്കൂട്ടിൽ നിൽക്കെയാണ് അനുപമ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് വ്യാപിപ്പിക്കുന്നത്. അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ വേർപ്പെടുത്തിയ വിഷയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെയും പാർട്ടി നേതാക്കളെയും അറിയിച്ചിരുന്നുവെന്ന് പി കെ ശ്രീമതി ഇന്നലെ ന്യൂസ് അവറിൽ വെളിപ്പെടുത്തിയിരുന്നു. അനുപമയ്ക്ക് നീതി ലഭ്യമാക്കുന്നതിലുള്ള ശ്രമങ്ങളിൽ താൻ പരാജയപ്പെട്ടെന്നും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സിപിഎമ്മിനെയും ഒരു പോലെ വെട്ടിലാക്കുന്നതാണ് പി കെ ശ്രീമതിയുടെ പ്രതികരണം. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളോടും സിപിഎമ്മിനോടും കുഞ്ഞിനെ തിരിച്ചു കൊടുക്കാനായില്ലെങ്കിൽ പ്രശ്നങ്ങൾ വഷളാകുമെന്ന് ശ്രീമതി അറിയിച്ചിരുന്നു.
അതേസമയം അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കേറ്റില്‍ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റായി രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ ഇന്ന് പുറത്ത് വന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്ത് എന്നതിന് പകരം ജയകുമാര്‍ എന്നാണ് രേഖപ്പെടുത്തിയത്. മണക്കാടുള്ള മേല്‍വിലാസമാണ് തെറ്റായി നല്കിയതും. 2020 ഒക്ടോബര്‍ 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കേറ്റ് നല്കിയതും.
കുട്ടിയെ എന്നെന്നേക്കുമായി തങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ജനന സര്‍ട്ടിഫിക്കേറ്റിലെ ക്രമക്കേട് പുറത്ത് വന്നതോടെ തെളിഞ്ഞെന്നും അനുപമയും അജിത്തും ആരോപിച്ചിരുന്നു. തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തില്‍ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകയായ അനുപമ ആരോപിക്കുന്നത്. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും അനുപമ പറയുന്നു.
Discussion about this post