മുംബൈ: മയക്കുമരുന്ന് കേസില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്ക് തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കാണിച്ച് ബോംബെ ഹൈക്കോടതിക്ക് മുന്‍പാകെ ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷ സമർപ്പിച്ചു. തന്റെ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും കാണിച്ച് ആര്യന്‍ ഖാന്‍ എന്‍സിബിക്കെതിരെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
അഭിഭാഷകനായ സതീഷ് മനേഷിന്‍ഡെയാണ് ആര്യന്‍ ഖാന് വേണ്ടി സിംഗിള്‍ ബെഞ്ച് മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ വെള്ളിയാഴ്ച അടിയന്തര വാദം കേള്‍ക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഈ മാസം 26ന് പരിഗണിക്കുമെന്നാണ് ബോംബെ ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.
ആര്യന്‍ ഖാന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 30 വരെ പ്രത്യേക കോടതി നീട്ടിയിരുന്നതിന് പിന്നാലെയാണ് ജാമ്യം ആവശ്യപ്പെട്ട് ആര്യന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആര്യന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും, ലഹരി ഇടപാടുകള്‍ നിരന്തരമായി നടത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ജാമ്യം നിഷേധിച്ചത്.
എന്നാല്‍ ആര്യന്‍ ഖാനെതിരെ കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ എന്‍സിബിക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും, തെളിവുകള്‍ ഉണ്ടാക്കാന്‍ വാട്‌സ്‌ആപ്പ് ചാറ്റുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ആര്യന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. പ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, അജിത് കുമാര്‍ എന്നിവരൊഴികെ മറ്റാരുമായും തനിക്കു ബന്ധമില്ലെന്നും, ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ അട്ടിമറിക്കുമെന്ന എന്‍സിബി ആരോപണം ശരിയല്ലെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയാണ് അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തത്. ബോളിവുഡ് താരം അനന്യ പാണ്ഡെയെ വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. ആര്യന്‍ ഖാനുമായുള്ള വാട്‌സാപ് ചാറ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എന്‍സിബി അനന്യയോടു ചോദിച്ചറിഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരോട് വെള്ളിയാഴ്ചയും ഹാജരാകാന്‍ എന്‍സിബി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post