ഡല്‍ഹി: കോവിഡിന്റെ പുതിയ ഡെല്‍റ്റ വകഭേദമായ എ.വൈ 4.2 ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ യൂറോപ്പിലും ബ്രിട്ടനിലും ഇതിനുമുമ്പ് റിപ്പോര്‍ട്ട് ചെയ്ത എ.വൈ 4.2 മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 30-ല്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ജീനോം റിപ്പോര്‍ട്ട് പ്രകാരം ഇന്‍ഡോറില്‍ ഏഴു കേസുകളാണ് പുതിയ വകഭേദത്തിന്റേതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. രോഗബാധിതരായ ഏഴുപേരില്‍ രണ്ടുപേര്‍ ആര്‍മി ഉദ്യോഗസ്ഥന്മാരാണെന്നും ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. ബി.എസ്. സത്യ പറയുന്നു.
മഹാരാഷ്ട്രയില്‍ ഒരു ശതമാനം സാമ്പിളുകളിലാണ് പുതിയ ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട വകഭേദങ്ങളുടെ പട്ടികയില്‍ യു.കെ എ.വൈ 4.2 വകഭേദത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഡെല്‍റ്റ- ആല്‍ഫ വകഭേദങ്ങളെപ്പോലെ വലിയ ഭീഷണി പുതിയ വൈറസ് ഉയര്‍ത്തില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതേസമയം ഡെല്‍റ്റ വകഭേദത്തേക്കാള്‍ പകര്‍ച്ചവ്യാപന ശേഷി എ.വൈ 4.2 വകഭേദത്തിന് കൂടുതലാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. യു.കെയില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ ശരാശരിയില്‍ ഏകദേശം ആറുശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഈ വകഭേദത്തിന്റേതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഏറ്റവും കൂടുതല്‍ കേസുകള്‍ പുതിയ വകഭേദത്തിന്റേതായി റിപ്പോര്‍ട്ട് ചെയ്തത് യു.കെയിലാണ്. കൂടാതെ അമേരിക്കയിലും റഷ്യയിലും ഇസ്രയേലിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post