അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കയിൽ നിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും. ശ്രീലങ്കൻ സർക്കാരിലെ രണ്ട് മന്ത്രിമാരും ഹൈകമ്മീഷണറും ഡെപ്യൂട്ടി ഹൈകമ്മീഷണറുമാണ് ക്ഷേത്ര ദർശനം നടത്തിയത്. ശ്രീലങ്കയിലെ അശോക വനികയിലെ സീതാ ക്ഷേത്രത്തിൽ നിന്നുള്ള ശിലയും ഇവർ രാമക്ഷേത്രത്തിൽ സമർപ്പിച്ചു.
ക്ഷേത്ര ദർശനത്തിന് ശേഷം അവർ പ്രത്യേക പൂജയും ആരതിയും നടത്തിയതായി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. രാവണന്റെ ലങ്ക നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണ് ശ്രീലങ്ക. രാവണൻ സീതാ ദേവിയെ പാർപ്പിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ശ്രീലങ്കയിലെ അശോക വനികയിലെ സീതാ ക്ഷേത്രം രാമായണത്തെ അധികരിച്ച് എഴുതപ്പെട്ട ചരിത്ര ഗ്രന്ഥങ്ങളിലും ഐതീഹ്യങ്ങളിലും പ്രസിദ്ധമാണ്.
2019ലെ അനുകൂല സുപ്രീം കോടതി വിധിയെ തുടർന്ന് ആരംഭിച്ച രാമക്ഷേത്ര നിർമാണം അയോധ്യയിൽ പുരോഗമിക്കുകയാണ്. 2023 ഡിസംബറിൽ ഭക്തർക്ക് ഗർഭഗൃഹത്തിൽ പ്രവേശനം ലഭ്യമാക്കാൻ സാധിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രം ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു.











