മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത്ത് പവാറിന്‍റെ ബിനാമി സ്വത്തുകള്‍ താല്‍ക്കാലികമായി കണ്ടു കിട്ടിയതായി ആദായ നികുതി വകുപ്പ്. 1400 കോടി രൂപയിലേറെ വില മൂല്യമുള്ള സ്വത്തുക്കളാണ് 1998ലെ ബിനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍ നിയമ്രകാരം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി, ഗോവയിലെ റിസോര്‍ട്ട്, ഡല്‍ഹിയിലെ ഓഫീസ്, ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി എന്നിവ കണ്ടുകെട്ടിയതില്‍ ഉള്‍പ്പെടുന്നു. താല്‍ക്കാലികമായി കണ്ടുകെട്ടിയ സ്വത്തുകള്‍ നിയമപരമായി വാങ്ങിയതാണെന്ന് തെളിയിക്കാന്‍ അജിത് പവാറിന് മൂന്ന് മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.
ദക്ഷിണ ഡല്‍ഹിയില്‍ 20 കോടി വിലമതിക്കുന്ന ഫ്ലാറ്റ്, മുംബൈ നിര്‍മ്മല്‍ ഹൗസിലുള്ള 25 കോടി വിലമതിക്കുന്ന മകന്‍ പാര്‍ത്ഥ പവാറിന്‍റെ ഓഫിസ്, 600 കോടി വിലമതിക്കുന്ന ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി, ഗോവയില്‍ 250 കോടിയുടെ റിസോര്‍ട്ട്, 27 ഇടങ്ങളില്‍ 500 കോടിയോളം വിലമതിക്കുന്ന ഭൂമി എന്നിവയാണ് താല്‍ക്കാലികമായി കണ്ടുകെട്ടിയത്. ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടുകെട്ടിയതാണ്.
കോഴപ്പണം വെളുപ്പിച്ചെന്ന കേസില്‍ മറ്റൊരു മുതിര്‍ന്ന എന്‍.സി.പി നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ അനില്‍ ദേശ്മുഖിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനു തൊട്ടുപി ന്നാലെയാണ് അജിത് പവാറിനെതിരെ ആദായ നികുതി വകുപ്പ് നടപടി.
Discussion about this post