അമൃത്സര്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ വിമര്‍ശനവുമായി പഞ്ചാബ് മന്ത്രിമാര്‍. മന്ത്രിമാരായ പരഗത് സിങ്ങും അമരീന്ദര്‍ സിങ് വാറിങ്ങുമാണ് ക്യാപ്റ്റനെതിരേ വിമര്‍ശനവുമായി എത്തിയത്.
‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയ ക്യാപ്റ്റന് രാജിക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹരീഷ റാവത്ത് എന്നിവരെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രിക്കെതിരെ പി.സി.സി അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ദുവിന്‍റെ അടുപ്പക്കാരായ മന്ത്രിമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ‘എന്തൊരു വിരോധാഭാസം അമരീന്ദര്‍ സിങ്ങിന്‍റെ പുതിയ പാര്‍ട്ടി പഞ്ചാബികള്‍ക്കല്ല. തീര്‍ച്ചയായും ‘കോണ്‍ഗ്രസ്’ അല്ല, ജനങ്ങള്‍ക്ക് വേണ്ടിയുമല്ല’ -പരഗത് ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി, സിദ്ദു, കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവരെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.
സോണിയക്കയച്ച രാജിക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അമരീന്ദര്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. രാഹുലും പ്രിയങ്കയും ‘അസ്ഥിരനായ വ്യക്തി’യും പാകിസ്താന് ഭരണകൂടത്തിന്‍റെ സഹായിയുമായ നവജോത് സിങ് സിദ്ദുവിനെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സോണിയ എല്ലാറ്റിനും നേരെ കണ്ണടച്ചിരിക്കുകയാണെന്നും അമരീന്ദര്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞ അമരീന്ദര്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അമരീന്ദര്‍ ബി.ജെ.പിയിലേക്ക് പോകുകയാണെന്നും കേന്ദ്ര കൃഷി മന്ത്രിയാകുമെന്നും അഭ്യുഹങ്ങള്‍ പരന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ നിഷേധിച്ച അമരീന്ദര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെന്നും അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി കൈകോര്‍ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
Discussion about this post