തിരുവനന്തപുരം: കേരളം ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്ന് സിപിഎം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം. ജനജീവിതം ഇന്ധന വില വർധനവിൽ പൊറുതിമുട്ടിയിരിക്കെ കേന്ദ്ര തീരുമാനത്തെ തുടർന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ചിരുന്നു. എന്നാൽ നികുതി കുറയ്ക്കാൻ കേരളം തയ്യാറാകാത്ത സാഹചര്യത്തിൽ കേന്ദ്ര തീരുമാനത്തിന്റെ ഗുണഫലം പൂർണമായി മലയാളികൾക്ക് ലഭിക്കില്ല.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച കേന്ദ്ര സർക്കാർ നടപടിയെ കേരളം ഒഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളും സ്വാഗതം ചെയ്തിരുന്നു. എന്നാൽ കേരളം ഇപ്പോഴും കേന്ദ്രത്തെ വിമർശിച്ച് പിടിച്ചു നിൽക്കാനാണ് ശ്രമിക്കുന്നത്. ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം വെച്ചാണ് സംസ്ഥാനം പെൻഷനും ശമ്പളവുമടക്കമുള്ള ചെലവുകൾക്ക് പണം കണ്ടെത്തുന്നത്. നികുതി കുറയ്ക്കാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
നിലവിൽ ഒരു ലിറ്റർ പെട്രോളിന് 27 രൂപയോളം വാറ്റ് സംസ്ഥാന സർക്കാർ ഈടാക്കുന്നുണ്ട്. ഇതിൽ ഒരു രൂപ പോലും കുറയ്ക്കില്ലെന്നാണ് ധനമന്ത്രി പറയുന്നത്. സംസ്ഥാനം ഈ നിലപാട് തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.












