ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികർക്കൊപ്പം ജമ്മു കശ്മീരിൽ ദീപാവലി ആഘോഷിച്ചപ്പോൾ മുൻ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഒഴിവുകാലം ആസ്വദിക്കാൻ ലണ്ടനിലേക്ക് പറന്നുവെന്ന് മാധ്യമ വാർത്ത. രാഹുൽ ഗാന്ധിയുടെ ഈ നടപടിയെ പരിഹസിച്ച് ബിജെപി രംഗത്തെത്തി.
ജി-20, കാലാവസ്ഥാ ഉച്ചകോടികൾ വിജയകരമായി പൂർത്തിയാക്കി തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒട്ടും വിശ്രമിക്കാൻ നിൽക്കാതെ ജോലികൾ പുനരാരംഭിക്കുകയും സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകളും ചെയ്തു. തുടർന്ന് അദ്ദേഹം സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ നൗഷേരയിലേക്ക് പോയി. എന്നാൽ രാഹുൽ ഗാന്ധി എവിടെയാണ്? അദ്ദേഹം അടുത്ത ഒഴിവുകാലം ആസ്വദിക്കാൻ ലണ്ടനിലേക്ക് പോയിരിക്കുന്നു. ബിജെപി നേതാവ് അമിത് മാളവ്യ പരിഹസിച്ചു.
അതേസമയം രാഹുൽ ഗാന്ധി ലണ്ടനിലേക്ക് പോയോ എന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ കോൺഗ്രസ് സ്ഥാപക ദിനാഘോഷ വേളയിൽ രാഹുൽ ഗാന്ധി ഇറ്റലിയിലേക്ക് പറന്നത് വിവാദമായിരുന്നു. ഈ വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ പരസ്പര വിരുദ്ധമായ പ്രതികരണങ്ങളാണ് അന്ന് നടത്തിയിരുന്നത്.








