മുംബൈ: മുംബൈയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക ബസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. മുംബൈയിലെ പ്രധാന ഗതാഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട്( BEST) ആണ് സ്ത്രീകൾക്ക് മാത്രമായി ബസ് സർവീസ് ഒരുക്കുന്നത്.
ഭാവിയില്‍ ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനനസരിച്ച് വാഹനങ്ങളുടെ എണ്ണവും കൂട്ടിയേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്ത്രീകളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്.
നഗരത്തിലെ എഴുപതോളം റൂട്ടുകളിലാണ് നൂറോളം ബസുകൾ ഒരുക്കുന്നത്. എഴുപതു റൂട്ടുകളിൽ പത്തെണ്ണം ലേഡീസ് സ്പെഷലായിരിക്കും. അഥവാ സ്ത്രീകൾക്ക് മാത്രമം പ്രവേശനമുള്ളവയാവും. ബാക്കിയുള്ള അറുപതു റൂട്ടുകളിൽ ലേഡീസ് ഫസ്റ്റ് എന്ന രീതിയിലാവും നടപ്പിലാക്കുക. അതായത് ആദ്യ ബസ്റ്റോപ്പിൽ സ്ത്രീകൾക്കായിരിക്കും മുൻഗണന.
സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബെസ്റ്റിന്റെ ജനറൽ മാനേജർ ലോകേഷ് ചന്ദ്ര പറഞ്ഞു. 28 ലക്ഷത്തോളം യാത്രികരാണ് തങ്ങളുടെ സേവനം ദിവസവും ഉപയോഗിക്കുന്നത്. അതിൽ പന്ത്രണ്ടു ശതമാനത്തോളം സ്ത്രീ യാത്രികരാണ്. ആദ്യത്തെ ബസ് സ്റ്റോപ്പിൽ സ്ത്രീകൾക്ക് പ്രാമുഖ്യം നൽകുക വഴി ആ റൂട്ടിൽ വനിതാ യാത്രികർ കൂടുമെന്നും സ്വാഭാവികമായി ലേഡീസ് സ്പെഷൽ റൂട്ട് ആവുമെന്നും മറ്റൊരു വക്താവ് പറഞ്ഞു.
Discussion about this post