മുംബൈ : കോഴ ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആര്യൻ ഖാൻ ഉൾപ്പെട്ടെ ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ മാറ്റി. എൻസിബി ആസ്ഥാനത്തേക്കാണ് മാറ്റം. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
സർക്കാർ ജോലി ലഭിക്കാനായി വാങ്കഡെ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണവുമായി ഭീം ആർമിയും സ്വാഭിമാനി റിപ്പബ്ലിക്കൻ പാർട്ടിയും രംഗത്ത് വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരു സംഘടനകളും പരാതി നൽകിയിട്ടുണ്ട്.
എൻസ്പി നേതാവ് നവാബ് മാലിക്കും ഇതേ ആരോപണം ഉയർത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം മാധ്യമങ്ങൾക്കു മുൻപിൽ ഈ ആരോപണം ഉയർത്തിയത്. സമീറിനെതിരെ രംഗത്തുവന്നത് അദ്ദേഹത്തിൻ്റെ മതം കാരണമല്ലെന്നും ഐആർഎസ് ജോലി കിട്ടാനായി സമീർ ഹാജരാക്കിയത് വ്യാജ ജാതി സർട്ടിഫിക്കറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സമീറിൻ്റെ ജനന സർട്ടിഫിക്കറ്റും നവാബ് മാലിക്ക് പുറത്തുവിട്ടു.
Discussion about this post