ഇഡ്ഡിലി കഴിച്ചയാൾക്ക് സമൂസയുടെ കൂടെ തുക ബില്ലിൽ ചേർത്തെഴുതിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് ഹോട്ടലുടമയെ അടിച്ചു കൊന്നു. മധുര കെ പുദൂർ ഗവ.ടെക്നിക്കൽ ട്രെയിനിങ് കോളജിന് മുന്നിലെ ഹോട്ടലിലാണു സംഭവം.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കണ്ണൻ എന്ന യുവാവ് ഇഡ്ഡലിയാണു കഴിച്ചത്. എന്നാൽ ഹോട്ടലുടമ മുത്തുകുമാര്‍ ബില്ലിൽ സമൂസ കഴിച്ചതായും ചേർത്തെഴുതി. ഇതില്‍ കണ്ണന് പരാതിപ്പെട്ടെങ്കിലും സമൂസ കഴിച്ചിട്ട് ഇയാൾ കള്ളം പറയുകയാണെന്ന് മുത്തുകുമാർ വാദിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമാവുകയായിരുന്നു.
തുടർന്ന് പ്രകോപിതനായ കണ്ണൻ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. മുത്തുകുമാർ തൽക്ഷണം മരിച്ചു.
ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടൽ ഉടമയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മധുര സർക്കാർ ആശുപത്രിയിലേക്കു മാറ്റി.
Discussion about this post