പാലക്കാട് : കണ്ണന്നൂരില്‍ ദേശീയപാതയ്ക്കരികില്‍ ആയുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നാല് വടിവാളുകളാണ് ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടുകിട്ടിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ദേശീയപാതയ്ക്ക് സമീപത്തെ പറമ്പിലെത്തിയ തൊഴിലാളികളാണ് ചാക്കില്‍ കെട്ടിയനിലയില്‍ വടിവാളുകള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം ആര്.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവവുമായി ഈ ആയുധങ്ങൾക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ തന്നെയാണ് ആയുധങ്ങളെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നത്.
പാലക്കാട് മമ്പറത്ത് തിങ്കളാഴ്ച രാവിലെയാണ് ആര്.എസ്.എസ്. പ്രവര്‍ത്തകനായ സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയ്ക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. ശരീരത്തില്‍ 15 വെട്ടുകളേറ്റ യുവാവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
Discussion about this post