മുംബൈ: ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലൂടെ കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ആന്ധ്രാപ്രദേശില്‍ നാലു പേര്‍ കൂടി അറസ്റ്റിലായി. മധ്യപ്രദേശിലും ആന്ധ്രയിലും ഓണ്‍ലൈനായി കഞ്ചാവ് കടത്തിയ നാലു പേരെയാണ് വിശാഖപട്ടണം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ആകെ 68 കിലോ കഞ്ചാവാണ് കേസില്‍ ഇതുവരെ പിടികൂടിയത്. ഇതില്‍ 48 കിലോ കഞ്ചാവും പിടികൂടിയത് വിശാഖ പട്ടണത്തു നിന്നും അറസ്റ്റിലായ പ്രതികളില്‍ മൂന്ന് പേരില്‍ നിന്നാണ്. നവംബര്‍ 13 ന് ഭിന്ദ് പൊലീസ് ആണ് ബാക്കി 20 കിലോ കഞ്ചാവും കണ്ടെടുത്തത്. പ്രതികള്‍ ഇതുവരെ 800 കിലോയിലധികം കഞ്ചാവ് ആമസോണിലൂടെ വില്‍പ്പന നടത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അന്വേഷണവുമായി ആമസോണ്‍ സഹകരിക്കാത്തതിനാല്‍ എന്‍ഡിപിഎസ് ആക്ടിനു കീഴില്‍ സെക്ഷന്‍ 38 പ്രകാരം കേസ് ആമസോണ്‍ സെല്ലര്‍ സര്‍വീസ് എക്സിക്യൂട്ടീവിനെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഭിന്ദ് പൊലീസ് അറിയിച്ചു. കറിവേപ്പിലയെന്ന വ്യാജേനയാണ് റാക്കറ്റ് കഞ്ചാവ് കടത്തിയതെന്നാണ് സൂചന.
Discussion about this post