ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിനും ആളിയാറിനും പുറമെ ഇടുക്കിയിലെ നെടുംകണ്ടം കല്ലാര്‍ ഡാമിന്റേയും ഷട്ടറുകള്‍ തുറന്നു. മുല്ലപ്പെരിയാറിലെ 7 സ്പില്‍വേ ഷട്ടറുകളാണ് തുറന്നത്.
ഇടുക്കി നെടുംകണ്ടം കല്ലാര്‍ ഡാമിലെ രണ്ട് ഷട്ടറുകള്‍ 10 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തി 10 ക്യുമെക്സ് ജലം ഒഴുക്കി വിടുകയാണ്. കല്ലാര്‍, ചിന്നാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
മഴ കനത്തതോടെ ആളിയാറില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു. 4500 ക്യൂസെക്സ് ജലമാണ് തുറന്നുവിടുന്നത്. ആളിയാര്‍ ഡാമില്‍ 11 ഷട്ടറുകള്‍ 21 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് പറമ്പിക്കുളം -ആളിയാര്‍ സബ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ നദിയിലൂടെയുള്ള നീരൊഴുക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ട പുഴയോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
മുല്ലപ്പെരിയാറില്‍ ഏഴ് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. 3 ഷട്ടറുകള്‍ 60 സെന്‍റീ മീറ്ററും നാലു ഷട്ടര്‍ 30 സെന്‍റീ മീറ്ററുമാണ് തുറന്നത്. 3949 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്. കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു. തീരത്തുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിരുന്നു. ഇതിനൊപ്പം വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയും ചെയ്തു. ഇതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.
നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 141.60 അടിയായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഇടുക്കിയില്‍ മലയോര മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയിലെത്തി.
Discussion about this post