പ്രഗ്യാരാജ്: ഉത്തര്‍പ്രദേശിലെ പ്രഗ്യാരാജില്‍ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ ഒരു കുടുംബത്തിലെ നാല് പേർ വെട്ടേറ്റു മരിച്ചു.16കാരിയായ പെണ്‍കുട്ടിയും 10വയസുകാരനായ ആണ്‍കുട്ടിയുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിന് മുമ്പ് 16കാരി ബലാത്സംഗത്തിനിരയായെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
50കാരനായ കുടുംബനാഥന്‍, അവരുടെ 46കാരിയായ ഭാര്യ, രണ്ട് മക്കള്‍ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അയല്‍വാസികളായ മേല്‍ജാതിക്കാരാണ് കൊലപാതകത്തിന് പിന്നിലെന്നും ബന്ധുക്കള്‍ ആരോപണമുന്നയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ 11 പേര്‍ക്കെതിരെ കൂട്ടബലാത്സംഗം, കൊലപാതകമടക്കം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചിലരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതായി പ്രഗ്യാരാജ് പൊലീസ് തലവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിർത്തി തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.









