കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിൽ നിർണായക നീക്കവുമായി സിബിഐ. കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവരെ നാളെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും.
സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബ്രാഞ്ച് സെക്രട്ടറി രാജു സുരേന്ദ്രൻ, ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ്, എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെയാണ് മുതിർന്ന സിപിഎം നേതാക്കളെ സിബിഐ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. കാസർകോഡ് ഗസ്റ്റ് ഹൗസിലെ സിബിഐ ക്യാമ്പ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ അവസാനിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
2019 ഫെബ്രുവരി 17 നായിരുന്നു പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ.











