കൊച്ചി: ആറ്റിങ്ങലില്‍ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മൂന്ന് വയസ്സുകാരിയെയും പിതാവിനെയും പൊതുനിരത്തിൽ വെച്ച് ഭീഷണിപ്പെടുത്തുകയും പരസ്യ വിചാരണ നടത്തുകയും ചെയ്ത സംഭവത്തിൽ ഒടുവിൽ മാപ്പപേക്ഷ നൽകി വനിതാ പൊലീസ് ഒാഫീസർ.
കുട്ടിയോട് നിരുപാധികം മാപ്പ് ചോദിച്ച് കൊണ്ട് ഹൈക്കോടതിയിലാണ് ഉദ്യോഗസ്ഥ സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ കേരള പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന തരത്തിൽ റിപ്പോർട്ട് നൽകിയ ഡിജിപിയെ കോടതി വിമർശിച്ചു.
പല കേസുകളിലും കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. യൂണിഫോം ഇട്ടാൽ എന്തും ചെയ്യാം എന്നാണോ എന്നും പൊലീസിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. പൊലീസ് ഉദ്യോഗസ്ഥയുടെ നടപടി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം ഡിജിപിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഉദ്യോഗസ്ഥയെ ന്യായീകരിക്കുന്ന പരാമർശങ്ങൾ ഉണ്ടായിരുന്നത്.
കുട്ടിയെ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് അവകാശം? യൂണിഫോമിട്ടാൽ എന്തും ചെയ്യാം എന്നാണോ? എന്തുകൊണ്ടാണ് കുട്ടിയുടെ വിഷയത്തിൽ ബാലാവകാശ നിയമ പ്രകാരം കേസെടുക്കാൻ പറ്റാത്തത് എന്ന് കോടതി ചോദിച്ചു. കുട്ടിക്ക് ഉണ്ടായ മനോവേദന പരിഹരിക്കാൻ സർക്കാരിന് എന്ത് ചെയ്യാൻ സാധിക്കും എന്ന് കോടതി ചോദിച്ചു. സർക്കാർ ഇടപെട്ടില്ലെങ്കിൽ സ്വയം ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ആൾക്കൂട്ടം കണ്ടപ്പോഴാണ് കുട്ടി കരഞ്ഞതെന്ന് പൊലീസ് റിപ്പോർട്ട് കോടതി പുച്ഛിച്ച് തള്ളി. ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കണോ എന്ന കാര്യത്തിൽ തീരുമാന്നം എടുക്കേണ്ടത് പെൺകുട്ടിയും കുടുംബവും ആണെന്ന് കോടതി വ്യക്തമാക്കി.
കേസ് ഹൈക്കോടതി ഡിസംബർ 15ന് വീണ്ടും പരിഗണിക്കും.
Discussion about this post