ഡൽഹി: 2021-2023 കാലഘട്ടത്തിൽ നാല് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനായി ഐ എസ് ആർ ഒ ആറ് കരാറുകളിൽ ഒപ്പിട്ടതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയെ അറിയിച്ചു. ഇതിലൂടെ 132 മില്ല്യൺ യൂറോയുടെ വരുമാനം രാജ്യത്തിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐ എസ് ആർ ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡാണ് പി എസ് എൽ വി വഴി ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കുന്നത്. ഇതുവരെ 34 രാജ്യങ്ങളുടെ 342 ഉപഗ്രഹങ്ങൾ ഐ എസ് ആർ ഒ ഭ്രമണപഥങ്ങളിൽ എത്തിച്ചിട്ടുള്ളതായും കേന്ദ്ര മന്ത്രി അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ചതിലൂടെ 35 മില്ല്യൺ ഡോളറിന്റെയും 10 മില്ല്യൺ യൂറോയുടെയും വരുമാനം ഇന്ത്യക്ക് ഉണ്ടായതായും കേന്ദ്ര മന്ത്രി പാർലമെന്റിനെ രേഖാമൂലം അറിയിച്ചു.








