കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകമെമ്പാടും കാട്ടുതീ പോലെ പടർന്നു പിടിക്കുന്നു. 77 രാജ്യങ്ങളിലാണ് ഇതുവരെ ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള വാക്സിനുകളോട് പ്രതിരോധം ആർജ്ജിച്ചിരിക്കുന്ന ഈ വകഭേദത്തിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ പഠിക്കുകയാണ് ശാസ്ത്രലോകം.
കൊറോണയുടെ മറ്റ് വകഭേദങ്ങളെക്കാൾ താരതമ്യേന കാഠിന്യം കുറഞ്ഞ ലക്ഷണങ്ങളാണ് ഒമിക്രോണിന്റേതെന്നാണ് ഇതുവരെയുള്ള അനുഭവം. എന്നാൽ ഒമിക്രോൺ ബാധിച്ച എല്ലാവരിലും പൊതുവായി കണ്ടെത്തിയ ഒരു ലക്ഷണമാണ് തൊണ്ട നീറ്റലും ചൊറിച്ചിലും. ഈ ലക്ഷണം സൂക്ഷിക്കണമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
തൊണ്ട നീറ്റലും ചൊറിച്ചിലും ഒമിക്രോണിന്റെ പ്രാഥമിക ലക്ഷണമാണ്. മൂക്കടപ്പ്, വരണ്ട ചുമ, നടുവേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. ഒമിക്രോണിനെ അത്ര നിസ്സാരമായി കാണരുതെന്നാണ് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധൻ ഡോക്ടർ നോച്ച് പറയുന്നത്. കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളിൽ നിന്നും വ്യത്യാസം പ്രകടിപ്പിക്കുന്ന ഒമിക്രോൺ മറ്റ് രൂപാന്തരങ്ങളിലേക്ക് നീങ്ങുമോ എന്നാണ് ശാസ്ത്രലോകം ആശങ്കപ്പെടുന്നത്.











