ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് അക്രമികളുടെ വെട്ടേറ്റ് മരിച്ച ബിജെപി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ മൃതദേഹം അച്ഛന്‍റെ കുഴിമാടത്തിനരികിൽ സംസ്കരിക്കും. ആറാട്ടുപുഴ വലിയഴീക്കലുള്ള കുന്നുംപുറത്ത് വീട്ടിലാണ് ചടങ്ങുകൾ. രഞ്ജിത്തിന്റെ പിതാവിന്റെ കുടുംബ വീടാണിത്.
ആലപ്പുഴ സ്കൂട്ടർ ഫാക്ടറിയിലേയും പിന്നീട് അട്ടോകാസ്റ്റിലേയും ജീവനക്കാരനായിരുന്നു രഞ്ജിത്തിന്റെ പിതാവ് ശ്രീനിവാസൻ. രണ്ടുവർഷം മുൻപ് മരണപ്പെട്ട പിതാവിന്‍റെ കുഴിമാടത്തിന് അരികിൽ തന്നെയാണ് രഞ്ജിത്തിനും ചിതയൊരുങ്ങുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനെ തുടർന്ന് വിലാപയാത്രയായി ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിലും വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.
വൈകുന്നേരത്തോടെ നടക്കുന്ന സംസ്കാര ചടങ്ങുകളിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രഞ്ജിത്തിന് അന്തിമോപചാരം അർപ്പിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങുകളിൽ സംബന്ധിക്കും.











