മുംബൈ: സൽമാൻ ഖാന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ബജരംഗി ഭായ്ജാന് രണ്ടാം ഭാഗം വരുന്നു. മുംബൈയിൽ എസ് എസ് രാജമൗലിയുടെ ചിത്രമായ ആർ ആർ ആറിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് സൽമാൻ ഖാൻ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. ഒന്നാം ഭാഗത്തിന്റെ രചയിതാവും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും തൂലിക ചലിപ്പിക്കുന്നത്.
2015ൽ പുറത്തിറങ്ങിയ ബജരംഗി ഭായ്ജാൻ സംവിധാനം ചെയ്തത് കബീർ ഖാനാണ്. സൽമാൻ ഖാൻ തന്നെയാണ് ടൈറ്റിൽ വേഷം ചെയ്തത്. കരീന കപൂർ, നവാസുദ്ദീൻ സിദ്ദിഖി, ഹർഷാലി മേത്ത തുടങ്ങിയവരായിരുന്നു മറ്റ് പ്രമുഖ താരങ്ങൾ. ഹനുമാൻ ഭക്തനായ നിഷ്കളങ്ക യുവാവായാണ് സൽമാൻ ചിത്രത്തിൽ വേഷമിട്ടത്. ഇന്ത്യ- പാകിസ്ഥാൻ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം ബോക്സോഫീസിലും നിരൂപകർക്കിടയിലും മികച്ച പ്രതികരണമാണ് ഉളവാക്കിയത്.












