ആലപ്പുഴ: ബിജെപി ഒബിസി മോർച്ച നേതാവ് രൺജീത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. ആസിഫ്, സുധീർ, അർഷാദ്, അലി, നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ എല്ലാവരും മണ്ണഞ്ചേരി സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന് രണ്ടര ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം എന്നതിനാൽ പ്രതികൾ ആരുംതന്നെ മൊബൈല്‍ ഫോൺ ഉപയോഗിച്ചിരുന്നില്ല എന്നാണ് നിഗമനം.
ജില്ലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നിരോധനാജ്ഞ നീട്ടിയിരുന്നു. പൊലീസ് സർക്കാരിനെ ഭയക്കുകയാണെന്നും സർക്കാർ എസ് ഡി പി ഐക്ക് ഒപ്പമാണ് എന്നുമുള്ള ഗുരുതരമായ ആരോപണം ബിജെപി ഉന്നയിച്ചിരുന്നു.












