തിരുവനന്തപുരം: തലസ്ഥാനത്ത് വൻ സുരക്ഷാ വീഴ്ച. മേയറുടെ വാഹനം മുന്നറിയിപ്പില്ലാതെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റി. വിമാനത്താവളത്തിൽ നിന്നും പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
തലനാരിഴയ്ക്ക് വൻ ദുരന്തമാണ് ഒഴിവായത്. വിമാനത്താവളത്തിൽ നിന്നും വരുന്നതിനിടെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിനും ജനറൽ ആശുപത്രിയ്‌ക്കും ഇടിയിൽവെച്ചായിരുന്നു മേയറുടെ വാഹനം മുന്നറിയിപ്പ് ഇല്ലാതെ രാഷ്‌ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് കടന്നത്. വാഹന വ്യൂഹത്തിലെ എട്ടാമത്തെ വാഹനത്തിന് ഇടയിലേക്ക് ആയിരുന്നു മേയറുടെ വാഹനം കയറ്റാൻ ശ്രമിച്ചത്. ഉടനെ പുറകിൽ വന്നിരുന്ന പൈലറ്റ് വാഹനങ്ങൾ ബ്രേക്കിട്ടു.
സെന്റ് സേവ്യേഴ്‌സ് കോളേജിന് മുൻപിൽവെച്ച് മേയറുടെ വാഹനം രാഷ്‌ട്രപതിയുടെ വാഹനത്തിന് സമാന്തരമായായിരുന്നു സഞ്ചരിച്ചിരുന്നത്. പ്രോട്ടോകോൾ പ്രകാരം രാഷ്‌ട്രപതിയുടെ വാഹനവ്യൂഹനത്തിനിടയിലേക്ക് മറ്റ് വാഹനങ്ങൾ കയറ്റാൻ പാടില്ല എന്നാണ്. ഇതാണ് വാഹനവ്യൂഹത്തിന് ഇടയിലേക്ക് വാഹനം കയറ്റി മേയർ ലംഘിച്ചിരിക്കുന്നത്.
മേയറുടെ നടപടി വൻ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. 14 വാഹനങ്ങളാണ് രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിൽ ഉള്ളത്. പോലീസും കേന്ദ്ര ഇന്റലിജൻസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രട്ടോകോൾ അറിയില്ലെന്നും രാഷ്‌ട്രപതിയ്‌ക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാനെത്താനുള്ള ശ്രമത്തിലായിരുന്നുവെന്നുമാണ് മേയർ ആര്യ രാജേന്ദ്രന്റെ പ്രതികരണം.
Discussion about this post