ഡൽഹി: രാജ്യത്ത് ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്നു. ഇതുവരെ 415 പേർക്ക് രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 115 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയാണ് ഒമിക്രോൺ വ്യാപനത്തിൽ മുന്നിൽ നിൽക്കുന്നത്. ഇവിടെ 108 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 79 പേർക്കും ഗുജറാത്തിൽ 43 പേർക്കും തെലങ്കാനയിൽ 38 പേർക്കും കേരളത്തിൽ 37 പേർക്കും തമിഴ്നാട്ടിൽ 34 പേർക്കും കർണാടകയിൽ 31 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഒമിക്രോൺ ബാധിച്ചവരിൽ 70 ശതമാനം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ബാക്കിയുള്ളവർക്ക് നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമിക്രോൺ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ നിലനിൽക്കുകയാണ്. ഇവിടെ രാത്രി 9.00നും രാവിലെ 6.00നും ഇടയിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം ചേരാൻ പാടില്ല. ഡൽഹിയിലും ഉത്തർ പ്രദേശിലും മധ്യപ്രദേശിലും ഹരിയാനയിലും കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കർണാടകയിലും നിയന്ത്രണങ്ങൾ ശക്തമാണ്.












