ഡൽഹി: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തലവേദനയായി വീണ്ടും മുതിർന്ന നേതാവ് ഹരീഷ് റാവത്തിന്റെ അഭിപ്രായ പ്രകടനങ്ങൾ. തെരഞ്ഞെടുപ്പുകൾ ജയിക്കണമെങ്കിൽ പാർട്ടിയുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് ഹരീഷ് റാവത്ത് പറഞ്ഞു. വേദന പ്രകടമാക്കുന്നത് ചിലപ്പോൾ പാർട്ടിക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
എ ഐ സി സിയാണ് പാർട്ടിയുടെ അവസാന വാക്ക്. സംസ്ഥാന അധ്യക്ഷൻ പരിശീലകനാണ്. എന്നാൽ ക്യാപ്ടന്റെ സ്ഥാനവും നിർണായകമാണ്. ഇവർ മൂന്ന് പേർക്കുമിടയിൽ അഭിപ്രായ സമന്വയം ഉണ്ടാകണം. ഇവിടെ സ്വന്തം കാര്യം നോക്കി പ്രവർത്തിച്ചാൽ പരാജയമായിരിക്കും ഫലം. ഹരീഷ് റാവത്ത് മുന്നറിയിപ്പ് നൽകുന്നു.
പാർട്ടി നേതൃത്വത്തിന് സമാനമായ മുന്നറിയിപ്പുമായി മുതിർന്ന നേതാവ് മനീഷ് തിവാരിയും രംഗത്ത് വന്നിരുന്നു. ഇങ്ങനെയാണ് പോക്കെങ്കിൽ രാജ്യത്ത് നിന്നും കോൺഗ്രസ് സമ്പൂർണമായി തുടച്ച് നീക്കപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് ചൂണ്ടിക്കാട്ടിയായിരുന്നു മനീഷ് തിവാരിയുടെ വിമർശനം. ആദ്യം അസം, പിന്നെ പഞ്ചാബ് ഇപ്പോൾ ഉത്തരാഖണ്ഡും. ഒരു തെളിവു പോലുമില്ലാത്ത രീതിയിൽ പാർട്ടി രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നായിരുന്നു മനീഷ് തിവാരിയുടെ ട്വീറ്റ്.











