ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്കരണ പാര്‍ക്ക് സ്ഥാപിക്കാന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്. ഇതിനായി ഭൂമി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് കൈമാറി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിദ്ധ്യത്തില്‍ ഗ്രേറ്റര്‍ നോയിഡ വ്യവസായ വികസന സമിതി സിഇഒ നരേന്ദ്രഭൂഷണാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിക്ക് ഉത്തരവ് കൈമാറിയത്.
ഭക്ഷ്യ- സംസ്കരണ പാര്‍ക്കിന്റെ മാതൃക മുഖ്യമന്ത്രി അനാവരണം ചെയ്തു. ചടങ്ങില്‍ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്റഫ് അലി, ഫെയര്‍ എക്സ്പോര്‍ട്സ് സിഇഒ നജിമുദ്ദീന്‍, ലുലു ലക്നൗ റീജനല്‍ ഡയറക്ടര്‍ ജയകുമാര്‍ മറ്റ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
20,000 ടണ്‍ പഴങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്യാനും ലോകത്തുടനീളമുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെ വിതരണം ചെയ്യാനുമാണ് ഭക്ഷ്യ- സംസ്കരണ പാര്‍ക്ക് ലക്ഷ്യമിടുന്നത്. എട്ട് മാസത്തിനുള്ളില്‍ സജ്ജമാകുന്ന പദ്ധതിയിലൂടെ 3000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ 700 പേര്‍ക്ക് നേരിട്ടും 1500 ലേറെ പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. ലോകോത്തര നിലവാരമുള്ള ഈ സംവിധാനം ഉത്തര്‍പ്രദേശിലെ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങാകുമെന്ന് എം.എ യൂസഫലി പറഞ്ഞു.
Discussion about this post