ശ്രീനഗർ: പാകിസ്ഥാൻ ഭീകര സംഘടനകൾ കശ്മീരി യുവാക്കളെ ഇസ്ലാമിന്റെ പേരിൽ വഴി തെറ്റിക്കുകയാണെന്ന് കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്റെ ഭാര്യ റസിയ ബീബി. അവർ നിരവധി കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും വഴിയാധാരമാക്കുകയാണെന്നും റസിയ പറഞ്ഞു.
കശ്മീരിലെ ബന്ദിപൊരയിൽ ജനിച്ച് ചെറിയ പ്രായത്തിലേ പാകിസ്ഥാനിലേക്ക് പോകേണ്ടി വന്ന റസിയ ഒരു ഹിസ്ബുൾ ഭീകരനെയാണ് വിവാഹം കഴിച്ചത്. എന്നാൽ 2018ൽ നടന്ന ഒരു ഏറ്റുമുട്ടലിൽ അവരുടെ ഭർത്താവ് കൊല്ലപ്പെട്ടിരുന്നു.
അടുത്തയിടെ കുട്ടികളുമായി റസിയ ഇന്ത്യയിലേക്ക് മടങ്ങി വന്നിരുന്നു. ഇത് താൻ എടുത്ത ശരിയായ തീരുമാനമാണെന്ന് അവർ പറയുന്നു. ഭർത്താവ് മരിച്ച ശേഷം ഒരു വർഷത്തേക്ക് ഹിസ്ബുൾ മുജാഹിദ്ദീൻ പണം തന്നിരുന്നു. എന്നാൽ പിന്നീട് ഇത് നിലച്ചു. കുടുംബം പുലർത്താൻ വേണ്ടി വീട്ടുവേലക്ക് പോകേണ്ടി വന്നു. പലപ്പോഴും ഭക്ഷണം പോലും കിട്ടിയിരുന്നില്ലെന്നും അവർ പറയുന്നു.
തുടർന്ന് നേപ്പാൾ വഴിയാണ് ഇന്ത്യയിൽ എത്തിയത്. സ്വയം സംരക്ഷിക്കാൻ കഴിവില്ലാത്ത ഭീകരർ എങ്ങനെയാണ് ഇന്ത്യയെ സംരക്ഷിക്കുക എന്ന് റസിയ ബീബി ചോദിക്കുന്നു. കുടുംബങ്ങൾ നശിപ്പിക്കരുതെന്നാണ് തനിക്ക് ഭീകരരോട് പറയാനുള്ളതെന്നും അവർ വ്യക്തമാക്കുന്നു.
തനിക്ക് ഇന്ത്യയിലേക്ക് വരാൻ സാധിച്ചത് രക്ഷയായി. എന്നാൽ ഇതേ പോലെ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട് കുട്ടികളും ദാരിദ്ര്യവുമായി കഴിയുന്ന ധാരാളം സ്ത്രീകൾ പാകിസ്ഥാനിൽ ഉണ്ടെന്നും അവർ പറയുന്നു. മനുഷ്യത്വമാണ് മതതേക്കാൾ വലുത്. ഇവിടെ ഇന്ത്യയിൽ താൻ അത് തിരിച്ചറിയുന്നുണ്ട്. കുടുംബത്തെയും കുട്ടികളെയും സംരക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ജിഹാദ് എന്നും റസിയ ബീബി പറയുന്നു.











