ഡൽഹി: നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് രാജ്യത്തെ 6000 എൻ ജി ഒകളുടെ എഫ് സി ആർ എ ലൈസൻസ് റദ്ദായി. ഈ സംഘടനകൾക്ക് ഇനി വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കാനാവില്ല. ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ദിര ഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്, ഇന്ത്യൻ ഇസ്ലാമിക് കൾച്ചറൽ സെന്റർ എന്നിവ ഉൾപ്പെടെ നിരവധി സംഘടനകൾക്കാണ് എഫ് സി ആർ എ ലൈസൻസ് നഷ്ടമായത്.
ലൈസൻസ് പുതുക്കാൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. അവസാന തീയതി കഴിഞ്ഞും അപേക്ഷ സമർപ്പിക്കാത്തതിനാലാണ് ഈ സംഘടനകളുടെ ലൈസൻസ് റദ്ദായതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ ചട്ടങ്ങൾ ലംഘിച്ചതിനാൽ ചില സംഘടനകളുടെ അപേക്ഷ കേന്ദ്ര സർക്കാർ നിരസിക്കുകയും ചെയ്തിരുന്നു. വിദേശ ഫണ്ട് ഉപയോഗിച്ച് മത്പരിവർത്തനം നടത്തുന്നതായി ശ്രദ്ധയിൽ പെട്ട സംഘടനകൾക്കും ലൈസൻസ് പുതുക്കി നൽകിയില്ല എന്നാണ് വിവരം.








