ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന നേതാവ് അഡ്വക്കേറ്റ് രൺജീത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്നലെ നാല് അറസ്റ്റ് കൂടി രേഖപ്പെടുത്തി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേർ, ഗൂഢാലോചനയിൽ പങ്കെടുത്ത വലിയമരം സ്വദേശി സൈഫുദ്ദീൻ, പ്രതികൾക്ക് വ്യാജ സിം കാർഡ് സംഘടിപ്പിച്ച് നൽകിയ പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷാ എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ പെരുമ്പാവൂരിൽ നിന്നാണ് പിടികൂടിയത്. ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രൺജീത്തിനെ കൊലപ്പെടുത്തിയത്. പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പ്രതികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.
ഡിസംബര്‍ 19 ഞായറാഴ്ച രാവിലെ പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് എസ് ഡി പി ഐ ഭീകര സംഘം എത്തി രണ്‍ജീത്തിനെ വെട്ടികൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്.












