ജനുവരി 4: 2024
ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ ഒരു ഭാഗത്ത് ചൈനാപ്പട്ടാളം താൽക്കാലിക പാലം നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ . നിയന്ത്രണരേഖയ്ക്കപ്പുറത്ത് ചൈന അധിനിവേശം നടത്തിയിരിക്കുന്ന ഭാഗത്താണ് നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത്. ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ച സുരക്ഷാ വിദഗ്ധരുടെ അഭിപ്രായപ്രകാരം താൽക്കാലിക ആവശ്യങ്ങൾക്കായി പട്ടാളം നിർമ്മിയ്ക്കാറുള്ള തരത്തിലെ നിർമ്മാണസാമഗ്രികളാണ് ഈ പാലം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്.
പാങ്‌ഗോങ് തടാകത്തിലെ വടക്കൻ തീരത്തെ ഖുർനാക് (Khurnak Fort) മുതൽ തെക്കൻ തീരത്തിലേക്കാണ് ഈ പാലം പണിയുന്നതായി ഉപഗ്രഹചിത്രങ്ങൾ വെളിവാക്കുന്നത്. പണി പൂർത്തിയായാൽ ചെമ്പടയ്ക്ക് ഏകദേശം 180 കിലോമീറ്റർ അധികയാത്ര ഒഴിവാക്കാനാകും എന്നാണ് കരുതുന്നത്. പന്ത്രണ്ടോ പതിനഞ്ചോ മണിക്കൂർ വേണ്ടി വരുന്ന ഒരു സൈനികനീക്കത്തിന് ഈ പാലം പണി പൂർത്തിയായാൽ കേവലം നാലോ അഞ്ചോ മണിക്കൂർ മതിയാകും.
കഴിഞ്ഞവർഷം അതിർത്തിൽ ചെമ്പട്ടാളത്തിന് ശക്തമായ തിരിച്ചടി നൽകി നിർണ്ണായകമായ ഭാഗങ്ങൾ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തതിന്റെ നാണക്കേട് മറയ്ക്കുന്നതിനായി കഴിഞ്ഞ കുറേ മാസങ്ങളായി ചൈന ശ്രമിക്കുകയാണ്. 1962 മുതൽ ഒഴിഞ്ഞ് കിടന്നിരുന്ന തന്ത്രപ്രധാനമായ ഭാഗങ്ങൾ കഴിഞ്ഞ കൊല്ലം ഇന്ത്യ തിരിച്ചുപിടിച്ചിരുന്നു. ഫിംഗർ 4 പ്രദേശത്തിനടുത്ത് തടാകത്തിന്റെ വടക്കൻ തീരത്ത് ചെമ്പട്ടാളത്തിന്റെ പോസ്റ്റുകൾക്ക് നേരേ തന്നെയുള്ള തന്ത്രപ്രധാനമായ പ്രദേശങ്ങൾ നാം തിരിച്ചെടുത്തു. ഫിംഗർ മൂന്നിനടുത്ത് ധൻസിംഗ് ധാപ്പ പോസ്റ്റിൽ ഇന്ത്യയ്ക്ക് സ്ഥിരമായ ഒരു സൈനികപോസ്റ്റും ഉണ്ട്.
ആൾനാശവും തന്ത്രപ്രധാനമായ മേഖലകൾ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തതും വലിയ നാണക്കേടാണ് ചെമ്പടയ്ക്ക് ഉണ്ടാക്കിയത്. മാത്രവുമല്ല നേരിട്ടുള്ള ആക്രമണമുണ്ടായാൽ അതേ നാണയത്തിൽ ഇനിയും തിരിച്ചടി ലഭിയ്ക്കുമെന്ന ശക്തമായ മുന്നറിയിപ്പ് കൂടി നാം നൽകിയിട്ടുള്ളതിനാൽ സ്വന്തം അതിർത്തിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി പ്രകോപനം സൃഷ്ടിക്കുകയാണ് ചൈനയുടെ തന്ത്രമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പാലത്തിനൊപ്പം പട്ടാളവാഹനങ്ങൾക്ക് എത്തിച്ചേരാനാകുന്ന റോഡുകളും അതിർത്തിയിൽ നിമ്മിക്കുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ നിയന്ത്രണരേഖ കടക്കാൻ ചൈന ഇതുവരെ ശ്രമിച്ചിട്ടില്ലെങ്കിലും പുതിയ വിവരങ്ങൾ അനുസ്സരിച്ച് നമ്മുടെ സൈനികതന്ത്രങ്ങളും പുതുക്കേണ്ടതുണ്ടെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിലേക്ക് കടന്നുകയറ്റമുണ്ടായിട്ടില്ലെങ്കിലും ഇത്തരം നിർമ്മാണപ്രവർത്തനങ്ങൾ നടത്തി പ്രകോപനപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ചൈനീസ് ചെമ്പട്ടാളം ശ്രമിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെടുന്നു.








