ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന നേതാവ് അഡ്വക്കേറ്റ് രൺജീത് ശ്രീനിവാസനെ വധിച്ച പ്രതികൾ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിൽ എടുത്ത സിം കാർഡ് എന്ന് റിപ്പോർട്ട്. കേസിൽ കുടുങ്ങുമോയെന്ന ആശങ്കയിൽ കടുത്ത മാനസിക സമ്മർദം നേരിട്ടെന്ന് വത്സല എന്ന വീട്ടമ്മ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
മാസങ്ങൾ നീണ്ട ഗൂഢാലോചന കൊലക്ക് പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രതികളുടെ നടപടി എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആൻഡ് ബി മൊബൈൽ കടയിൽ സിം കാർഡ് എടുക്കാൻ വത്സല പോയത്. വ്യക്തത ഇല്ലെന്ന് പറഞ്ഞ് കടയുടമ മുഹമ്മദ് ബാദുഷ ഒന്നിൽ കൂടുതൽ തവണ ആദാർ വെരിഫിക്കേഷൻ നടത്തിയിരുന്നു എന്ന് വത്സല പറയുന്നു.
എന്നാൽ സംഭവങ്ങൾ എല്ലാം വത്സല അറിയുന്നത് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണ്. ഒന്നുമറിയാത്ത പുന്നപ്രയിലെ വീട്ടമ്മ മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയയായി. ഗൂഢാലോചനക്ക് പിന്നിൽ എസ്ഡിപിഐയുടെ പഞ്ചായത്ത് അംഗം സുൽഫിക്കർ ആണെന്നും വത്സല പറയുന്നു.
മുഖ്യപ്രതികൾ വ്യാജ സിം കാർഡുകൾ ഉപയോഗിച്ചതാണ് രൺജീത്ത് കേസിൽ പൊലീസിനെയും കുഴക്കിയത്. വത്സലയുടെ പേരിൽ മാത്രമല്ല മറ്റ് പലരുടെയും പേരിൽ ഇത്തരത്തിൽ കൊലയാളി സംഘം സിം കാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.












