പനജി: ഗോവയിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഏത് പാർട്ടി പിന്തുണ നൽകിയാലും അത് സ്വീകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ഗോവ ഫോർവേർഡ് പാർട്ടിയുമായും കോൺഗ്രസുമായും സഖ്യത്തിന് തയ്യാറാണെന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയിത്രയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമാനമായ നിലപാടറിയിച്ച് ചിദംബരവും രംഗത്ത് വന്നിരിക്കുന്നത്.
തൃണമൂൽ നേതാവിന്റെ പ്രസ്താവന വായിച്ചിരുന്നു. ഗോവയിൽ ബിജെപിയെ തോൽപ്പിക്കാനുള്ള ശക്തി കോൺഗ്രസിനുണ്ട്. എന്നാലും ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനെ സഹായിക്കാൻ ആരെങ്കിലും തയ്യാറായാൽ ആ സഹായം സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ചിദംബരം കൂട്ടിച്ചേർത്തു.
എന്നാൽ 2017ൽ 40ൽ 17 സീറ്റുകൾ കിട്ടിയിട്ടും ഗോവയിൽ ഭരണം പിടിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെ നിരവധി എം എൽ എമാർ കോൺഗ്രസ് വിട്ട് ബിജെപിയിലും മറ്റ് പാർട്ടികളിലും ചേർന്നിരുന്നു. നിലവിൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണെന്നാണ് റിപ്പോർട്ടുകൾ.







